[slick_weather]
04
December 2018

മന്ത്രി കെ.ടി.ജലീലിനെതിരായ ബന്ധു നിയമനവിവാദം;അടിയന്തരപ്രമേയം പരിഗണിക്കാത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നു ഇറങ്ങിപ്പോയി

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെതിരായ ബന്ധു നിയമനവിവാദം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയം പരിഗണിക്കാത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നു ഇറങ്ങിപ്പോയി. കെ.മുരളീധരനാണ് സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.

അടിയന്തര പ്രാധാന്യമില്ലാത്ത വിഷയമാണിതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശദീകരണം. അതോടെ സ്‌പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. എന്നാൽ ന്യൂനപക്ഷ കോർപറേഷനിലെ ബന്ധുനിയമന വിവാദത്തിൽ മന്ത്രിയെ മുഖ്യമന്ത്രി പിന്തുണച്ചാണ് സഭയിൽ സംസാരിച്ചത്.

മന്ത്രിയുടെ ബന്ധു അദീബിനെ നിയമിച്ചതിൽ ചട്ടലംഘനം നടന്നിട്ടില്ല. വിവാദമുണ്ടായപ്പോൾ തന്നെ അദീബ് മാതൃസ്ഥാപനത്തിലേക്ക് മടങ്ങിപ്പോയി. ബന്ധു നിയമന വിവാദം അടിയന്തര പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ട ആവശ്യമില്ല. ആദ്യം അഭിമുഖത്തിന് വന്നവർക്കാർക്കും നിശ്ചിത യോഗ്യത ഇല്ലായിരുന്നു. നേരത്തെ അപേക്ഷ നൽകിയ അഭിമുഖത്തിന് വരാതിരുന്ന അദീബ് ജോലി ഏറ്റെടുക്കാൻ തയാറായി. ആരോപണങ്ങളും വിവാദങ്ങളുമുണ്ടായപ്പോഴാണ് അദീപ് മാതൃസ്ഥാപനത്തിലേക്ക് പോയതെന്നും നിയമനത്തിലൂടെ കോർപറേഷന് ഒരു രൂപ പോലും നഷ്ടപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബന്ധു നിയമനവിവാദത്തിൽ അഴിമതി നടത്തിയെന്നു തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നു മന്ത്രി കെ.ടി.ജലീൽ വ്യക്തമാക്കി. 12 വർഷമായി നിയമസഭയിൽ നിൽക്കുന്ന താൻ തെറ്റായി ഒന്നും ചെയ്‌തിട്ടില്ല. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. തന്‍റെ പൊതുജീവിതം സംശുദ്ധമാണ്. ഇതുവരെ ആരോടും അനീതിയും അന്യായവും ചെയ്തിട്ടില്ല. പ്രവർത്തി പരിചയം നോക്കിയാണ് അദീബിനെ നിയമിച്ചതെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.