[slick_weather]
06
September 2018

പൊതുമരാമത്ത് വകുപ്പില്‍ പ്രൊഫഷണലിസത്തിന്റെ അഭാവമാണ് പദ്ധതികള്‍ വൈകുന്നതിനു കാരണമെന്ന് മന്ത്രി ജി. സുധാകരന്‍

കൊച്ചി: പൊതുമരാമത്ത് വകുപ്പില്‍ പ്രൊഫഷണലിസത്തിന്റെ അഭാവമാണ് പദ്ധതികള്‍ വൈകുന്നതിനു കാരണമെന്ന് മന്ത്രി ജി. സുധാകരന്‍.ഇത് മറികടക്കുന്നതിന് ഭരണപരിഷ്‌കാരം അനിവാര്യമാണ്. സര്‍ക്കാരിന് ഉദ്യോഗസ്ഥരോട് മനുഷ്യത്വപരമായ സമീപനമാണുള്ളതെങ്കിലും വീഴ്ച്ച കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.കണ്ണങ്ങാട്ട് -വില്ലിങ്ടണ്‍ ഐലന്റ് പാലത്തിന്റെ ഉദ്ഘാടനം ഇടക്കൊച്ചി കണ്ണങ്ങാട്ട് ക്ഷേത്രത്തിന് സമീപം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി നഗരത്തില്‍ ഫിഫ അണ്ടര്‍-17 ലോകകപ്പുമായി ബന്ധപ്പെട്ട് റോഡുകളുടെ അറ്റകുറ്റപ്പണി ഉടനെ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ റോഡുകള്‍ക്ക് വിഐപി പരിഗണന നല്‍കി അറ്റകുറ്റപ്പണി ഉടന്‍ തീര്‍ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിനാല്‍ 20 ദിവസത്തെ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ക്കു പകരം മൂന്ന് ദിവസത്തെ ക്വട്ടേഷന്‍ മതിയാകും.
അറ്റകുറ്റപ്പണികള്‍ക്ക് പണം ഒരു പ്രശ്‌നമാവില്ലെന്നും മന്ത്രി പറഞ്ഞു സെപ്റ്റംബര്‍ 30-നു ശേഷം നഗരത്തില്‍ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ഒന്നും ഉണ്ടാവില്ല. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ റോഡ് അറ്റകുറ്റപ്പണികള്‍ക്കായി ആറുകോടി രൂപ നല്‍കിയിട്ടുണ്ട്. ഇനിയും ആവശ്യമെങ്കില്‍ കൂടുതല്‍ തുക നല്‍കാന്‍ തയ്യാറാണ്. ജില്ലയിലെ അറ്റകുറ്റപ്പണികള്‍ക്കായി 16 മാസത്തിനുള്ളില്‍ 52 കോടി രൂപ നല്‍കിയിട്ടുണ്ട്.
ഫിഫ അണ്ടര്‍-17 ലോകകപ്പിനോടനുബന്ധിച്ച് മഹാരാജാസില്‍ ഗ്യാലറിയുടെ നിര്‍മാണം പൊതുമരാമത്ത് വകുപ്പ് ഏകദേശം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ വകുപ്പിന്റെ കെട്ടിടനിര്‍മാണ വിഭാഗം കാണിച്ച ശുഷ്‌കാന്തി അഭിനന്ദനമര്‍ഹിക്കുന്നു. ഇതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പുരസ്‌കാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഏനാത്ത് പാലത്തിന്റെ നിര്‍മാണവേളയില്‍ ബെയിലി പാലത്തിന്റെ താത്കാലിക നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. പാലംനിര്‍മാണത്തിനായി സൈനികരുടെ സേവനം കേന്ദ്രം ഉടന്‍ വിട്ടുതരികയും ചെയ്തു. എന്നാല്‍ റെയില്‍വേ വകുപ്പ് അതിന്റെ ചിറ്റമ്മനയം തുടരുകയാണ്. 600 സ്ഥലത്ത് പാലം കുഴപ്പത്തില്‍ ആണെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല.
മാധ്യമങ്ങള്‍ കാളപെറ്റെന്ന് കേള്‍ക്കുന്ന ഉടനെ കയര്‍ എടുക്കരുതെന്നും മന്ത്രി പറഞ്ഞു. കാര്യങ്ങള്‍ വസ്തുതാപരമായി ഉന്നത നിലവാരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം.
ഇപ്പോഴുള്ള റോഡുകള്‍ക്കു മുകളില്‍ പുതിയ ഫ്‌ളൈഓവറുകളും ആകാശനഗരങ്ങളും നിര്‍മ്മിച്ച് ഇപ്പോഴുള്ള ഗതാഗത പ്രശ്‌നം പരിഹരിക്കാനുള്ള സാധ്യത പരിശോധിക്കേണ്ടതാണ്. ഇത്തരത്തില്‍ നൂതനമായ ആശയങ്ങളുമായി കലാലയങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്ന തലമുറ മുന്നോട്ടു വരണമെന്നും മന്ത്രി പറഞ്ഞു.
എം സ്വരാജ് എംഎല്‍എ അധ്യക്ഷനായിരുന്നു.
ഗതഗാതപ്രശ്‌നത്തിന് പൂര്‍ണപരിഹാരം കാണുന്നതിന് പാലത്തിന്റെ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ പൂര്‍ത്തീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാലത്തിനോട് അനുബന്ധിച്ച് അപ്രോച്ച് റോഡിന്റെ വികസനം കഴിയുന്നതും വേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്. കലുങ്ക് പുനര്‍നിര്‍മ്മിക്കുന്നതിന് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയുടെ ഫണ്ടില്‍ നിന്നും തുക നീക്കിവെച്ചിട്ടുണ്ടെന്നും സ്വരാജ് പറഞ്ഞു.

മേയര്‍ സൗമിനി ജയിന്‍, കെ വി തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, കെ.ജെ മാക്‌സി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തൃപ്പൂണിത്തുറ, എറണാകുളം നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കുമ്പളം കായലിനു കുറുകെ കൊച്ചി കോര്‍പ്പറേഷനില്‍ ആണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള ജില്ലകളിലെ ജനങ്ങള്‍ക്ക് പള്ളുരുത്തി, തോപ്പുംപടി ഭാഗങ്ങളിലേക്ക് കടക്കാതെ എട്ട് കിലോമീറ്റര്‍ ലാഭിച്ച് നഗരത്തിലെത്താന്‍ പാലം വഴിയൊരുക്കും.