[slick_weather]
17
March 2019

ദ്വിദിന സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മാലിദ്വീപിലെത്തി .

ന്യൂദല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മാലിദ്വീപിലെത്തി . ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. മാലിദ്വീപ് വിദേശകാര്യ വകുപ്പ് മന്ത്രി അബ്ദുള്ള ഷാഹിദിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് സുഷമ സ്വരാജിന്റെ സന്ദര്‍ശനം. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്ദര്‍ശനത്തില്‍ മന്ത്രിയെ അനുഗമിക്കുന്നുണ്ട്.

വിദേശകാര്യമന്ത്രി ഷാഹിദ്, പ്രതിരോധ മന്ത്രി മരിയ അഹമ്മദ് ദിദി, ധനകാര്യ വകുപ്പ് മന്ത്രി ഇബ്രാഹിം അമീര്‍, ആസൂത്രണവകുപ്പ് മന്ത്രി മുഹമ്മദ് അസ്ലം, ആരോഗ്യവകുപ്പ് മന്ത്രി അബ്ദുള്ള അമീന്‍, ഗതാഗത വകുപ്പ് മന്ത്രി ഐഷത്ത് നഹുള, കലാസാംസ്‌കാരിക വകുപ്പ് മന്ത്രി യുമ്‌ന മൗമൂന്‍, പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ ഹുസ്സൈന്‍ റഷീദ് ഹസന്‍ തുടങ്ങി മാലിദ്വീപിലെ വിവിധ വകുപ്പ് മന്ത്രിമാരുമായി സുഷമ സ്വരാജ് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

മന്ത്രിമാര്‍ തമ്മില്‍ ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ മേഖലകളെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യവകുപ്പ് അറിയിച്ചു. ഇന്ന് സുഷമ സ്വരാജ് മാലിദ്വീപ് സ്പീക്കര്‍ കാസിം ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തും.

തിങ്കളാഴ്ച മന്ത്രി മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സൊളിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് ഇമ്രാന്‍ അബ്ദുള്ളയുമായി ചര്‍ച്ചകള്‍ നടത്തും. വിശ്വാസത്തിലും സുതാര്യതയിലും പരസ്പര സഹകരണത്തിലും അധിഷ്ഠിതമായ ബന്ധമാണ് മാലിയുമായി ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മാലിദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുള്ള യമീന്റെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യയും മാലിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ചൈനയുമായി മാലി വിവിധ കരാറുകളില്‍ ഒപ്പ് വയ്ക്കുകയും പ്രതിഷേധിച്ച പ്രതിപക്ഷ നേതാക്കളെ തടവിലാക്കുകയും ചെയ്തിരുന്നു.

മാലിദ്വീപുമായുള്ള സൗഹാര്‍ദ്ദപരമായ നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന മാലി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇബ്രാഹിം മുഹമ്മദ് സൊളി നേടിയ അട്ടിമറി വിജയം ഇന്ത്യയുടെ വലിയ നയതന്ത്ര നേട്ടമായി വിലയിരുത്തപ്പെട്ടിരുന്നു.

നവംബറില്‍ നടന്ന സൊളിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാലി ദ്വീപിലെത്തിയിരുന്നു. മാലി സമ്പദ്ഘടനയുടെ ദുര്‍ബലാവസ്ഥ അന്ന് സൊളി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

വിവിധ മേഖലകളില്‍ വികസന സഖ്യങ്ങള്‍ രൂപീകരിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ഇരു നേതാക്കളും അന്ന് ചര്‍ച്ച നടത്തിയിരുന്നു. മാലിദ്വീപ് ജനതയോട് പുതിയ സര്‍ക്കാരിന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്ബൂര്‍ണ സഹായം വാഗ്ദാനം ചെയ്തിരുന്നു.