[slick_weather]
31
August 2018

മകരസംക്രമപൂജ 14ന് രാവിലെ 7.40ന്: തന്ത്രി

ശബരിമലയില്‍ ഈ മാസം 14ന് ധനു മകരത്തിലേക്ക് സംക്രമിക്കുന്ന ശുഭമുഹൂര്‍ത്തമായ രാവിലെ 7.40ന് മകരസംക്രമപൂജ നടക്കുമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. തിരുവിതാംകൂര്‍ രാജകൊട്ടാരത്ത് നിന്ന് കൊണ്ടുവരുന്ന നെയ്‌തേങ്ങ പൂജാ മധ്യേ ഭഗവാന് അഭിഷേകം നടത്തും. 14ന് മകരവിളക്ക്. വൈകുന്നേരം പന്തളംകൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. 12ന് ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധിക്രിയയും 13ന് ഉച്ചപൂജയ്ക്ക്‌ശേഷം ബിംബശുദ്ധിക്രിയയും നടത്തുമെന്ന് തന്ത്രി പറഞ്ഞു. 16,17,18,19തീയതികളില്‍ ദീപാരാധനയ്ക്ക് ശേഷം പടിപൂജയുണ്ടാകും. ഇതില്‍ രണ്ടു ദിവസം ഉദയാസ്തമനപൂജയും നടത്തും. 18ന് ഉച്ചപൂജയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കളഭാഭിഷേകം. 19ന് അത്താഴപൂജയ്ക്ക് ശേഷം മാളികപുറത്ത് ഗുരുതിയുണ്ടാകും. 20ന് പന്തളം രാജപ്രതിനിധിയ്ക്ക് മാത്രമാണ് ദര്‍ശനം നടത്താന്‍ അനുവാദമുള്ളത്. 20ന് രാവിലെ നട അടയ്ക്കും.

ഗവര്‍ണര്‍ നിര്‍മ്മാല്യം തൊഴുതു മടങ്ങി
ശബരീശന്റെ സന്നിധിയില്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നിര്‍മ്മാല്യ പൂജ തൊഴുതു. ഞായറാഴ്ച രാത്രി പമ്പയില്‍ നിന്ന് കാല്‍നടയായി സന്നിധാനത്തെത്തിയ അദ്ദേഹം ഹരിവരാസനം തൊഴുതു മേല്‍ശാന്തി ടി.എം. ഉണ്ണിക്ൃഷണന്‍ നമ്പൂതിരിയില്‍ നിന്ന് പ്രസാദം സ്വീകരിച്ചു. രാവിലെ നിര്‍മ്മാല്യ ദര്‍ശനത്തിന് ശേഷം ഗണപതിഹോമം കഴിഞ്ഞ് തന്ത്രി കണ്ംരര രാജീവരില്‍ നിന്ന് പ്രസാദം സ്വീകരിച ശേഷമാണ് മലയിറങ്ങിയത്. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ദേവസ്വം കമ്മീഷണര്‍ സി പി രാമരാജ പ്രേമ പ്രസാദ് , എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍ രവിശങ്കര്‍, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ എസ്.സുരേന്ദ്രന്‍ തുടങ്ങിയവര്‍ സന്നിധാനത്ത് അദ്ദേഹത്തെ സ്വീകരിച്ചു.
കൈയില്‍ കുറിപ്പ് നല്‍കാം
കുട്ടികളെയും മുതിര്‍ന്നവരെയും കൈവിട്ടുപോകരുത്
മകരവിളക്കിനോടനുബന്ധിച്ച് തിരക്ക് കൂടി വരുന്നതിനാല്‍ കുട്ടികളെയും പ്രായമായവരെയും കൂട്ടി വരുന്ന അയ്യപ്പഭക്തന്‍മാര്‍ പ്രത്യേക ശ്രദ്ധിക്കണമെന്ന് ശബരിമല സുരക്ഷാ സേന മുന്നറിയിപ്പ് നല്‍കുന്നു. കൂട്ടം തെറ്റി പോകാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ക്ക് കൃത്യമായ വിലാസവും ഫോണ്‍ നമ്പറും എഴുതിയ കുറിപ്പ് കൈയ്യില്‍ നല്‍കുന്നത് ഉചിതമാകും. നിലവില്‍ സന്നിധാനത്തെ തിരക്കിനിടയില്‍പ്പെട്ട് കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. പിന്നീട് അനൗണ്‍സ്‌മെന്റ് കൗണ്ടറിലെത്തി ബന്ധുക്കള്‍ വിളിച്ചു പറഞ്ഞ് ഏറെ നേരം കാത്തിരിക്കേണ്ടിയും വരുന്നു.

പ്രധാനമായും കുട്ടികളുടെ കാര്യത്തിലാണ് അയ്യപ്പഭക്തന്‍മാര്‍ ജാഗ്രത പുലര്‍ത്തേണ്ടത്. അന്യദേശത്ത് നിന്നും വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ നിന്നാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ കൂടുതലായുള്ളത്. രാത്രികാലങ്ങളില്‍ ഒറ്റപ്പെടുന്ന കുട്ടികളെയും മുതിര്‍ന്നവരെയും നിലവില്‍ അനൗണ്‍സ്‌മെന്റ് കൗണ്ടറിന് സമീപമുള്ള ഹാളില്‍ ബന്ധുക്കള്‍ എത്തുന്നതുവരെ സംരക്ഷിക്കുകയാണ് പതിവ്. നേരം പുലരുന്നതോടെ അനൗണ്‍സ്‌മെന്റ് നടത്തി ഇവരുടെ ബന്ധുക്കളെ വിവരം അറിയിക്കുന്നു. താത്ക്കാലിക നടപടിയാണിത്. തിരക്കേറിവരുന്ന സാഹചര്യത്തില്‍ കുട്ടികളുമായി വരുന്ന അയ്യപ്പഭക്തര്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കണം.

തിരക്കേറുന്ന പമ്പയിലും സന്നിധാനത്തും ഇതേ പോലെ മുന്‍കരുതലുകള്‍ സ്വീകരിക്കണം. തിരക്കിനിടയില്‍ കാണാതാകുന്നവരെ കണ്ടെത്തുന്നതിന് സന്നിധാനത്തെ പ്രധാന നടപ്പന്തിലിലാണ് അനൗണ്‍സ്‌മെന്റ് കൗണ്ടര്‍ സജ്ജീകരിച്ചിരിക്കുന്നത്. അതിരാവിലെ മുതല്‍ രാത്രി പതിനൊന്നുവരെ ഈ സേവനം ഭക്തജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. പമ്പയിലും ഈ സൗകര്യം ലഭ്യമാണ്.
മദ്യം കൈവശംവച്ചതിന് അറസ്റ്റ്‌ചെയ്തു
ശബരിമലയില്‍ എക്‌സെസ്സ് വകുപ്പ് നടത്തിയ പരിശോധനയില്‍ മദ്യം പിടിച്ചെടുത്തു.ഞായറാഴ്ച പമ്പയില്‍ നടത്തിയ പരിശോധനയില്‍ മദ്യം വില്പനയ്ക്കായി സൂക്ഷിച്ച ഹരിപ്പാട് കോതേരിയില്‍ കെ.സന്തോഷ്‌കുമാര്‍ (42) എന്നയാളെ അറസ്റ്റ് ചെയ്ത് ചിറ്റാര്‍ എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഏല്‍പ്പിച്ചതായി അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എം.എസ്.വിജയന്‍ അറിയിച്ചു. ഞായറാഴ്ച മാത്രം 133 പുകവലി കേസുകളിലായി 26,600 രൂപ പിഴ ഈടാക്കി, 12 കിലോ പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വാഹന പരിശോധനയും കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. മകരവിളക്ക് കാലത്ത് പുകയില, കഞ്ചാവ്, മയക്കുമരുന്നുകള്‍ എന്നിവയുടെ കടത്ത്, വിതരണം എന്നിവ തടയുന്നതിനായി വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യം പുകയില, കഞ്ചാവ് എന്നീ നിരോധിത ഉത്പന്നങ്ങളുടെ കൈവശംവയ്ക്കലും, വിപണനവും സംബന്ധിച്ച വിവരങ്ങള്‍ 04735203332 എന്ന ഫോണ്‍ നമ്പരില്‍ അറിയിക്കാവുന്നതാണ്.

മരക്കൂട്ടത്ത് പോലീസ് മെസ്സും താമസ സൗകര്യവും ആരംഭിച്ചു

മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി സുരക്ഷയ്ക്കായി ് ചുമതയേറ്റ പോലീസുകാര്‍ക്ക് നിലവിലുള്ള മെസ്സിനുപുറമേ മരക്കൂട്ടത്ത് മെസ്സും താത്കാലിക താമസസൗകര്യവും ഏര്‍പ്പെടുത്തി. മരക്കൂട്ടത്തും പരിസരങ്ങളിലും ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് സന്നിധാനത്തെ മെസിലെത്തുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനാണ് ഇരുന്നൂറോളം പോലീസുകാര്‍ക്ക് ഇന്നുമുതല്‍(ജനുവരി9) പുതിയ മെസ് ആരംഭിച്ചതെന്ന് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു.