[slick_weather]
21
August 2018

എം എ നിഷാദിന്റെ കിണർ മലയാളത്തിലും തമിഴിലും ;ട്രെയ്‌ലർ പുറത്തിറങ്ങി

കൊച്ചി:പ്രശസ്ത സംവിധായകൻ എം എ നിഷാദ് ഒരുക്കിയ പുതിയ ചിത്രമാണ് കിണർ. കിണറിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങി .കെണി എന്ന പേരിൽ തമിഴിലും ഈ ചിത്രം ഒരുക്കിയിട്ടുണ്ട്. ജയപ്രദ, രേവതി, പശുപതി, പാർത്ഥിപൻ, അർച്ചന, നാസ്സർ, പാർവതി നമ്പ്യാർ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, ജോയ് മാത്യു, ഭഗത് മാനുവൽ, സുനിൽ സുഗത, അനിൽ നെടുമങ്ങാട്, പി ബാലചന്ദ്രൻ, സുധീർ കരമന, സോഹൻ സീനുലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്തും.

എം എ നിഷാദ് തന്നെ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രീയേഷന്സിന്റെ ബാനറിൽ സജീവ് പി കെ , ആനി സജീവ് എന്നിവർ ചേർന്നാണ്. എം ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി 27 വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സ്വന്തം യേശുദാസും തമിഴകത്തിന്റെ സ്വന്തം എസ് പി ബാലസുബ്രഹ്മണ്യവും ഒന്നിച്ചു ഒരു ഗാനം ആലപിച്ചിട്ടുണ്ട്.

അയ്യാ സാമി എന്ന് തുടങ്ങുന്ന ആ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. റിയലിസ്റ്റിക് ആയി ഒരുക്കിയിരിക്കുന്ന ഒരു ദ്വിഭാഷാ ചിത്രമാണ് കിണർ എന്നാണ് സംവിധായകൻ പറയുന്നത്. ജലക്ഷാമം എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം ലഭിക്കുന്നത്.

കേരളാ- തമിഴ് നാട് ബോർഡറിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഒരു കളക്ടർ ആയാണ് രേവതി അഭിനയിക്കുന്നത്. മോഹൻലാൽ നായകനായ അദ്വൈതം എന്ന ചിത്രത്തിലാണ് രേവതി ഇതിനു മുൻപ് കളക്ടർ ആയി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പിടി ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് എം എ നിഷാദ് കേരളത്തിലെ കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ വയനാട്ടിലെ കർഷകരുടെ പ്രശ്നങ്ങൾ മുന്നോട്ട് വച്ച “പകൽ”, മകളെ നഷ്ടമായ മാതാപിതാക്കളുടെ, പ്രതികാരദാഹിയായ ഒരു അച്ഛന്റെ കഥയുമായി “വൈരം” , നഗരം തള്ളുന്ന മാലിന്യക്കൂമ്പാരത്തിനു നടുവിൽ ജീവിക്കേണ്ടി വരുന്ന ഒരു ജനതയുടെ കഥയുമായി “നഗരം” എന്ന് തുടങ്ങി കാലിക പ്രാധാന്യമേറിയ ഒട്ടേറെ വിഷയങ്ങൾ തന്റെ സിനിമകളിലൂടെ നിഷാദ് പറഞ്ഞിട്ടുണ്ട് .സുരേഷ് ഗോപി നായകനായ ആയുധവും എം എ നിഷാദ് സംവിധാനം ചെയ്ത ചിത്രമാണ്. “നമ്പർ 66 മധുര ബസ്സെ”ന്ന ചിത്രം തടവുപുള്ളിയുടേയും അവന്റെ കുടുംബത്തിന്റെയും മറ്റ് സാമൂഹികപ്രശ്നങ്ങളുമാണ് മുന്നോട്ട് വെക്കുന്നത്.കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജ് , തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിൽ നിന്നും നിഷാദ് വിദ്യാഭ്യാസം പൂർത്തിയാക്കി.