[slick_weather]
31
August 2018

പ്രണയത്തിന്റെ നാനാർത്ഥങ്ങൾ

പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തീർത്തും വക്തിനിഷ്ഠമായിരിക്കും , ഓരോരുത്തർക്കും ഓരോ തരത്തിലുള്ള പ്രതീക്ഷകളും സങ്കല്പങ്ങളും ഉണ്ടായിരിക്കും . പലപ്പോഴും ഇത് മാറ്റത്തിന് നിരന്തരം വിധേയമായിക്കൊണ്ടിരിക്കുകയുമാകും . 70 കളിലെ പ്രണയ നായകൻ കവിയോ , കലാകാരനോ , ആയിരിക്കാം തോൾ സഞ്ചി കുടപ്പിറപ്പ് പോലെയാണ് . പഴയകാല സിനിമകൾ ഇന്നത്തെ തലമുറ എങ്ങിനെ കാണുമെന്നതിനെക്കുറിച്ചു ആശങ്കയുണ്ട് . , പ്രണയത്തിൻറെ ആപാരതീരങ്ങൾ ( നസിർ മുതൽ വേണു നാഗവള്ളി വരെ ) അരോചകമാകാം ഇന്നത്തെ തലമുറയ്ക്ക് . പ്രത്യേകിച്ച്ഇന്നത്തെ നായകസങ്കൽപ്പത്തിൽ അങ്ങിനെയൊരാളില്ല . മോഡേൺ ബൈക്ക് , കാറ് , സ്മാർട്ട് ഫോൺ മിനിമം രണ്ട് എന്നിങ്ങനെയാണ് , പണക്കൊഴുപ്പിൻറെ ഒരുതരം ആറാട്ടുകാരനായിരിക്കും ഇന്നത്തെ കാമുകൻ . പക്ഷെ പ്രണയം ഇപ്പോഴും പ്രണയം തന്നെ … പ്രണയത്തിൻറെ മുൻ ഉപാധിയായി വിവാഹത്തെ പ്രതിഷ്ഠിക്കാമോ എന്നൊരു ചോദ്യം പ്രസക്തമാകുകയാണ് ഇവിടെ . ഒരിക്കലെങ്കിലും പ്രണയത്തിൻറെ തീഷ്ണതയിൽ അകപ്പെട്ടില്ലയെങ്കിൽ അതേക്കുറിച്ചു അറിയാനുള്ള അവസരം നഷ്ടമായെന്ന് സാരം . ഇവിടെ പ്രണയസങ്കൽപ്പത്തെക്കുറിച്ചുള്ള തൻറെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയാണ് . കോളമിസ്റ്റ് കൂടിയായ ” ആഷാ സൂസൻ ”. താഴെ വായിക്കാം
ആഷാ സൂസൻ

പ്രണയം നമ്മുടെ മനസ്സില്‍ മൊട്ടിട്ട കാലം മുതല്‍ക്കേ കേള്‍ക്കുന്ന ഒന്നാണ് പ്രണയത്തിനു കണ്ണില്ലെന്ന്. പണ്ടു പറഞ്ഞും പറയാതെയും കണ്ടും കാണാതേയും വിരല്‍ത്തുമ്പില്‍ പോലും തൊടാതെയുമായിരുന്നു പ്രണയം. അന്നു പരസ്യമാവുന്ന പ്രണയങ്ങള്‍ അശുദ്ധിയുള്ളതായിരുന്നു. സ്വാതന്ത്ര്യമാവുന്ന പ്രണയത്തെ വിവാഹമെന്ന തടവറയിലിട്ടു പൂട്ടിയായിരുന്നു പ്രണയത്തെ അവര്‍ ശുദ്ധീകരിച്ചിരുന്നത്. പക്ഷെ അതില്‍ നിന്നെല്ലാം കാലം ഒരുപാട് മുന്നോട്ട് പോയി. സോഷ്യല്‍ മീഡിയ ജനപ്രീതിയാര്‍ജ്ജിച്ചതോടെ ശരീരത്തിൻറെയും മനസ്സിൻറെയും നിയന്ത്രണങ്ങളില്ലാത്ത പ്രണയം കണ്ടെത്താനുള്ള അവസരങ്ങള്‍ നാള്‍ക്കു നാള്‍ ഏറിവരികയാണ്.

കാലമെത്ര തന്നെ മാറിയാലും പ്രണയം മസ്തിഷ്‌കത്തിൻറെ ഏറ്റവും മനോഹരമായ വികാരമാണെന്നതില്‍ തര്‍ക്കമില്ല. ഇത്രയും വലിയ ലോകം നമ്മള്‍ ഇഷ്്ടപ്പെടുന്ന ആ ഒറ്റ ഒരാളിലേക്ക് ചുരുക്കുന്ന അവസ്ഥ. ലോകത്തു മൊത്തമായി പാറി നടന്ന നമ്മള്‍ ഒരാളുടെ ലോകത്തില്‍ മാത്രം വട്ടമിട്ടു പറക്കാന്‍ തുടങ്ങും. സ്വപ്‌നത്തിൻറെപൂമ്പാറ്റകള്‍ നമ്മില്‍ നിന്ന് പുനര്‍ജനിക്കും. സ്‌നേഹത്തിൻറെ നിലാമഴയില്‍ കുളിച്ചു പ്രണയപ്പനിച്ചൂടില്‍ ചുരുളുമ്പോള്‍ ഉറക്കവും വിശപ്പും ദാഹവും പൊയ്‌പ്പോകും. കുട്ടിക്കാലത്തെന്നോ നമ്മിലുണ്ടായിരുന്ന ചിണുങ്ങളും കൊഞ്ചലും കൊതികുത്തലും വാശിയും പിണക്കവും ദേഷ്യവും കരച്ചിലും നുള്ളലും അടിയും കടിയുമൊക്കെ അനുവാദത്തിനു കാക്കാതെ നമ്മിലേക്ക് തിരികെയെത്തും.

പക്ഷേ ശരിക്കും പ്രണയമെന്നത് മരം കോച്ചുന്ന മകരമാസത്തിലെ തണുപ്പില്‍ ചൂട് കായാന്‍ കൂട്ടുന്ന തീ പോലെയാണ്. ആ ചൂടില്‍ തീയോടു ചേര്‍ന്ന് കൂനിക്കൂടിയിരുന്നു സുഖിക്കുമ്പോഴും ഏറെത്താമസിയാതെ ആ തീയണയുമെന്നും ചൂടു മാറി വീണ്ടും അസ്ഥിയുരുക്കുന്ന തണുപ്പ് ശരീരത്തില്‍ അരിച്ചു കയറുമെന്നുമുള്ള തിരിച്ചറിവ് ആത്മാവില്‍ ഒരു പൊള്ളലായി അവശേഷിക്കും. നമ്മളെ തന്നെ സ്വയം അര്‍പ്പിച്ചുള്ള പ്രണയം (ആത്മാര്‍ത്ഥ പ്രണയമെന്നൊക്കെ വിളിക്കുന്ന ഒന്ന്) മനസ്സിന്റെ ഒരു വിങ്ങലാണ്, നഷ്ടപ്പെടുമോയെന്നുള്ള പേടിയില്‍ നിന്നുണ്ടാവുന്ന ഒന്ന്. നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുമ്പോളും നമ്മള്‍ മനസ്സിലാക്കേണ്ടുന്ന ഒന്നുണ്ട്, പ്രണയമെന്നതിനു സ്വാതന്ത്ര്യം എന്നുകൂടി അര്‍ത്ഥമുണ്ടെന്നു. നമ്മുടെ മനസ്സിൻറെ കൂട്ടില്‍ നമ്മള്‍ അടയിരുന്നു വിരിയിച്ച പ്രണയത്തിന് ഒരിക്കല്‍ ഒരുനാള്‍ നമ്മില്‍ നിന്ന് പറന്നകലാന്‍ തോന്നിയാല്‍ പരിഭവങ്ങളും പരാതിയുമില്ലാതെ അതിനനുവാദം കൊടുക്കാനാവണം.

ജീവിതാവസാനം വരെ ഒരേ പ്രണയം കൊണ്ടു നടക്കുക എന്നത് ദുഷ്‌കരമാവാം. വെളിച്ചത്തിലേക്കു പറന്നടുക്കുന്ന ഈയാംപാറ്റകളെ പോലെ നമ്മുടെ മനസ്സിനെ ആകര്‍ഷിക്കുന്ന മറ്റൊരു വ്യക്തിയിലേക്ക്, വ്യക്തിത്വത്തിലേക്ക്, നമ്മള്‍ ആകൃഷ്ടരായേക്കാം. വിവാഹത്തില്‍ കയറില്ലാതെ നമ്മെ ബന്ധിപ്പിക്കുന്ന ഒരു സദാചാര സാമൂഹിക ബാദ്ധ്യത നിലനില്‍ക്കുന്നത് കൊണ്ട് മാത്രമാണ് ഭൂരിഭാഗം ദമ്പതികളും പ്രണയം മരിച്ചാലും അവരുടെ മരണം വരെ ഒരുമിച്ചു കഴിയുന്നത്. പ്രണയിക്കുമ്പോള്‍ പറയുന്ന സ്ഥിരം ഡയലോഗാണ് നിന്നെ ഞാന്‍ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്നോ, എന്നത്. സത്യത്തില്‍ അതൊരു വലിയ നുണയാണ്. അവരെയല്ല, അവരെ പ്രണയിക്കുന്നതിലൂടെ നമ്മള്‍ നമ്മളെയാണ് സന്തോഷിപ്പിക്കുന്നത്. എന്നു നമുക്കാ സന്തോഷം ഇല്ലാതാവുന്നുവോ അന്ന് നമ്മള്‍ ആ പ്രണയത്തോട് വിട പറയും.

പ്രണയിക്കുന്ന സമയത്തു നമ്മള്‍ അവര്‍ക്ക് വേണ്ടി ചിലവാക്കുന്ന പണവും അവര്‍ക്ക് കൊടുക്കുന്ന സമ്മാനവും സത്യത്തില്‍ നമ്മുടെ സന്തോഷത്തിന് വേണ്ടിയാണ്. അവരെ സന്തോഷിപ്പിക്കാനാവുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന വികാര വിസ്‌ഫോടനങ്ങള്‍ സമാനതകളില്ലാത്തതാണ്. അതുകൊണ്ടു തന്നെ പ്രണയം അവസാനിപ്പിക്കുമ്പോള്‍ ഒരിക്കല്‍ പങ്കിട്ട ഒന്നിൻറെയും (ശരീരങ്ങള്‍ ഉള്‍പ്പെടെ) കണക്കു പറയുന്നത് നീതിയല്ല. അതിൻറെ സന്തോഷങ്ങള്‍ ഇരുവരും ഒരുമിച്ച് പങ്കിട്ടതാണ്. പരസ്പരം കണക്കു പറയാത്തിടത്തോളം പ്രണയം അതുല്യമാണ് അമൂല്യമാണ്. അതിനി പരസ്പരം കൈകൊടുത്തു പിരിഞ്ഞവര്‍ക്കിടയില്‍ പോലും മനസ്സിൻറെ അടിത്തട്ടില്‍ ചിതലെടുക്കാനാവാതെ ആ പ്രണയം എന്നും അവശേഷിക്കും.

മാറുന്ന കാലത്തില്‍ പ്രണയത്തിൻറെ സമവാക്യവും മാറേണ്ടതുണ്ട്. കണ്ണില്ലാത്ത പ്രണയത്തില്‍ നിന്നും കാഴ്ചയുടെ ലോകത്തിലേക്ക് സഞ്ചരിക്കണം. പ്രണയത്തിലായിരിക്കുമ്പോള്‍ നമ്മളോടൊപ്പം നമ്മെ ചേര്‍ത്ത് പിടിച്ചു നടക്കുന്നവര്‍ നമുക്ക് എല്ലാമെല്ലാമാണെന്ന വിശ്വാസത്തില്‍ അവരോടുള്ള അന്ധമായ പ്രണയത്തില്‍ മുന്നോട്ട് നീങ്ങുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ടുന്ന ചിലതുണ്ട്, ജീവിതമെന്നതു ഒരു ഒറ്റയടി പാതയല്ല.അത് പലവഴിക്കും പലതായി പിരിയും. കൂടെ നടക്കുന്നവര്‍ നമ്മുടെ കരം വിട്ടു മറ്റു കാല്‍പാദങ്ങളെ പിന്തുടര്‍ന്ന് നമ്മെ തനിച്ചാക്കി വേറെ വഴിയേ പോവാം. അതല്ലെങ്കില്‍ യാത്രമതിയാക്കി അവര്‍ മടങ്ങി പോവാം, അതുമല്ലെങ്കില്‍ യാദൃശ്ചികമായി ജീവിതത്തോട് വിട പറയാം. ഇതില്‍ ഏതു തന്നെ സംഭവിച്ചാലും ഒന്നുറപ്പാണ്, പാതിയാത്രയില്‍ നമ്മള്‍ തനിച്ചാവും. അന്ധമായ പ്രണയവും പേറി നടന്നാല്‍ ധൈര്യത്തോടെ മുന്നോട്ട് പോവാനോ വന്ന വഴിയേ തിരികെ വരാനോ ആവാതെ ആള്‍ക്കൂട്ടത്തില്‍ തനിച്ചായ കുട്ടിയെപ്പോലെ പകച്ചു നില്‍ക്കേണ്ടി വരും.

അതുകൊണ്ട് ആത്മാര്‍ത്ഥമായി പ്രണയിക്കരുതെന്നല്ല പറയുന്നത്, പ്രണയിക്കണം, സദാചാരത്തിൻറെ എല്ലാ അതിര്‍വരമ്പുകളും ഭേദിച്ചു തന്നെ പ്രണയിക്കണം. പക്ഷെ കണ്ണില്ലാത്ത പ്രണയമാവാതെ കണ്ണുകള്‍ തുറന്നു പിടിച്ചു പ്രണയിക്കണം. പ്രണയിക്കുമ്പോള്‍ നമ്മള്‍ ആ വ്യക്തിയെന്ന സൂര്യനെ ചുറ്റുന്ന ഭൂമിയായിരിക്കും. നമുക്ക് മാത്രമായി നമ്മള്‍ തീര്‍ക്കുന്ന ലോകത്തിലായിരിക്കും. പെട്ടെന്നൊരുനാള്‍ ആ ലോകത്തു നാം ഒറ്റപ്പെട്ട് പോകുന്ന അവസ്ഥ അതിഭീകരമാണ്. പക്ഷേ ഓരോ ഒറ്റപ്പെടലും ഓരോ ക്വിസ് മത്സരം പോലെയാണ്. പരാജയപ്പെട്ടാലും ചിലതൊക്കെ നമ്മളെ അതു പഠിപ്പിക്കും. അന്നു വരേയും കൂട്ടിനൊരു കൈ വേണ്ടിവന്നിരുന്ന ഓരോ കാര്യങ്ങളും നമ്മള്‍ ഒറ്റയ്ക്കു ചെയ്യാന്‍ തുടങ്ങും. ഒന്നിച്ചു നടന്ന വഴിയിലൂടെ ഒറ്റയ്ക്കു നടക്കാന്‍ ശീലിക്കും. തകര്‍ന്നടിഞ്ഞ സ്വപ്‌നത്തിൻറെചാരത്തില്‍ നിന്നും നമ്മള്‍ വീണ്ടും ഉയര്‍ത്തെണീക്കും. അറ്റുപോയ സ്വപ്നങ്ങളുടെ ഇരു ചിറകുകള്‍ക്ക് പകരം പ്രതീക്ഷയുടെ നാലു ചിറകുകള്‍ മുളയ്ക്കും. അതുകൊണ്ടു തന്നെ നഷ്ടപ്രണയമെന്നത് ഒരു ചെറിയ കാര്യമല്ല.

മരണം വരെയും ഒരുമിച്ചു ജീവിക്കുക എന്നതല്ല പ്രണയം, ഒരുമിച്ചു ജീവിക്കുന്ന നാളത്രയും പ്രണയിക്കുക എന്നതാണ്. അതാണ് സാധ്യമാവുന്നതും. കണ്ണില്ലാത്ത പ്രണയത്തില്‍ പെട്ടു തപ്പിത്തടയാതെ ആത്മവിശ്വാസത്തോടെ ജീവിതം തിരികെപ്പിടിക്കാന്‍ കഴിയണം. വേനലും മഞ്ഞും മഴയും വസന്തവും മാറി മാറി വരുന്ന കാലത്തോളം നമ്മുടെ പ്രണയക്കൂട്ടില്‍ പ്രണയമെന്ന ദേശാടനകിളി വന്നുകൊണ്ടേയിരിക്കും.