[slick_weather]
11
January 2019

ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള തന്ത്രങ്ങൾക്ക് രൂപം നൽകുന്നതിന് വേണ്ടിയുള്ള ബിജെപിയുടെ ദേശീയ കൗൺസിൽ യോഗത്തിനു ഇന്നു തുടക്കം

ന്യൂഡൽഹി: രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ബിജെപിയുടെ ദേശീയ കൗൺസിൽ യോഗത്തിനു ഇന്നു തുടക്കമാകും. ഡൽഹി രാംലീലാ മൈതാനത്ത് നടക്കുന്ന ചടങ്ങുകളിൽ 12000 പ്രതിനിധികൾ പങ്കെടുക്കും.

അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള തന്ത്രങ്ങൾക്ക് രൂപം നൽകുകയാണ് യോഗത്തിന്‍റെ മുഖ്യ അജണ്ട. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന യോഗത്തിൽ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും.

പ്രധാനമന്ത്രി, ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവർക്കു പുറമേ കേന്ദ്രമന്ത്രിമാർ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ദേശീയ സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിൽ നിന്നും 200 പ്രതിനിധികൾ പങ്കെടുക്കുമെന്നു സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള അറിയിച്ചു.

കേന്ദ്ര സർക്കാരിന്‍റെ വികസന പദ്ധതികൾക്ക് വലിയ പ്രചാരം നൽകാനുള്ള പരിപാടികൾ യോഗത്തിൽ ആവിഷ്കരിക്കും. സാമ്പത്തിക സംവരണം, മുത്തലാഖ് ബില്ല്, ഒബിസി കമ്മീഷന് ഭരണഘടനാ പദവി നൽകാനുള്ള നീക്കം തുടങ്ങിയവ രാഷ്ട്രീയ ആയുധങ്ങളാക്കാനുള്ള പദ്ധതികളും ആലോചിക്കും. ശബരിമല . അയോധ്യ വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും.