[slick_weather]
31
August 2018

പ്രളയത്തിന് കാരണം മഴയല്ലെന്നും ,അശാസ്ത്രീയമായി ഡാമുകള്‍ തുറന്നു വിട്ടതാണെന്നും വിഡി സതീശന്‍ എംഎൽഎ

തിരുവനന്തപുരം: പ്രളയം മനുഷ്യ നിർമിത ദുരന്തമാണെന്നും പ്രളയത്തിന് കാരണം മഴയല്ലെന്നും ,അശാസ്ത്രീയമായി ഡാമുകള്‍ തുറന്നു വിട്ടതാണെന്നും കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ എംഎൽഎ ആരോപിച്ചു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തിന് കാരണം . പ്രളയത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴ പെയ്യുമ്പോള്‍ എല്ലാ ഡാമുകളും നിറയാന്‍ കാത്തുനിന്നത് എന്തിനാണെന്ന് വ്യക്തമാക്കണം. മത്സ്യത്തൊഴിലാളികളും ജനങ്ങളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത് അതിന്റെ പേരില്‍ സര്‍ക്കാര്‍ അഭിമാനിക്കരുത്. രാത്രിയില്‍ മനുഷ്യന്‍ വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ ഡാമുകള്‍ തുറന്നുവിട്ട ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

ഡാം മാനേജ്‌മെന്റിന്റെ എബിസിഡി അറിയാത്തവരെയാണ് അതിന്റെ ചുമതല ഏല്‍പിച്ചത്. ഡാമിലേക്ക് വരുന്ന വെള്ളം ഒഴുകി വിടുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. മനുഷ്യര്‍ വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ ഡാം തുറന്നു വിട്ടു വീട് വെള്ളത്തിലാക്കുന്നതാണ് കേരളത്തില്‍ കണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി