പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനുള്ള ഉപസമിതിയിൽ ധനമന്ത്രി തോമസ് ഐസക്കിനെ ഉൾപ്പെടുത്താത്തത് വിവാദമാവുന്നു

തിരുവനന്തപുരം : പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനുള്ള മന്ത്രിസഭ ഉപസമിതിയിൽ ധനമന്ത്രി തോമസ് ഐസക്കിനെ ഉൾപ്പെടുത്താത്തത് വിവാദമാവുന്നു . ബന്ധുനിയമനക്കേസിൽ പുറത്തുപോയതിനു ശേഷം തിരിച്ചെത്തിയ ഇപി ജയരാജനെ ഉപസമിതിയുടെ തലവനായി നിശ്ചയിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് ധനമന്ത്രിയോടുള്ള താത്പര്യക്കുറവാണെന്നും വാദം ഉയരുന്നു. .

ഐസക്കിന്റെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളിൽ താത്പര്യമില്ലാത്തതു കൊണ്ടാണ് മുഖ്യമന്ത്രി പ്രത്യേക സാമ്പത്തിക ഉപദേഷ്ടാവിനെ നിശ്ചയിച്ചതെന്ന് തുടക്കത്തിൽ തന്നെ സംസാരമുണ്ടായിരുന്നു. പ്രളയക്കെടുതികളുടെ ഭാഗമായി നടന്ന പത്രസമ്മേളനങ്ങളിൽ കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചപ്പോൾ തോമസ് ഐസക്ക് ഒളിഞ്ഞും തെളിഞ്ഞും കേന്ദ്രസർക്കാരിനെ വിമർശിക്കുകയായിരുന്നുവെന്നതും ശ്രദ്ധേയമായി.

ബന്ധുനിയമനക്കേസിൽ പുറത്തുപോയ മന്ത്രി ഇപി ജയരാജനെ തിരിച്ചെത്തിച്ചതു തന്നെ ധനമന്ത്രിക്ക് മുകളിൽ മന്ത്രിസഭയിലെ രണ്ടാമനാക്കാൻ ഉദ്ദേശിച്ചു കൊണ്ടായിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉണ്ടാക്കിയ ഉപസമിതിയിൽ ഇപിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടു വന്നുവെന്ന് മാത്രമല്ല മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിൽ ഒപ്പമുണ്ടായിരുന്നതും ഇപി ജയരാജൻ തന്നെ ആയിരുന്നു.

മുഖ്യമന്ത്രി ഇനി ചികിത്സക്കായി വിദേശത്ത് പോകേണ്ട ആവശ്യം വന്നാൽ ചുമതല കൊടുക്കുന്നത് ഇനി ഇപി ജയരാജന് ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായി . ധനമന്ത്രിയായ തോമസ് ഐസക്കും മുഖ്യമന്ത്രിയും തമ്മിലുള്ള അസ്വാരസ്യങ്ങൾ മന്ത്രിസഭയുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട് .ഇപി ജയരാജനെക്കൂടാതെ ഇ .ചന്ദ്രശേഖരൻ , മാത്യു ടി തോമസ് , എകെ ശശീന്ദ്രൻ , രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് മന്ത്രിസഭാ ഉപസമിതിയിലുള്ള മറ്റു മന്തിമാർ