[slick_weather]
25
April 2018

കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടി.സി. മാത്യു വിനെതിരേയുള്ള ആരോപണങ്ങളിലുള്ള അന്വേഷണം പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നു കെസിഎ ഓംബുഡ്മാന്‍ ഉത്തരവ്

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടി.സി. മാത്യു വിനെതിരേയുള്ള ആരോപണങ്ങളിലുള്ള അന്വേഷണം പൂര്‍ത്തിയാക്കി സബ് കമ്മിറ്റി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നു കെസിഎ ഓംബുഡ്മാന്‍ ഉത്തരവ്. സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കെസിഎയ്ക്കു സമര്‍പ്പിക്കുന്നതിനൊപ്പം ഓംബുഡ്‌സ്മാനും നല്‍കണം. കേസില്‍ ഇതിനു ശേഷം മാത്രമെ അന്തിമ വിധി പ്രസ്തവിക്കുകയുള്ളുവെന്നും ജസ്റ്റിസ് വി. രാംകുമാറിന്റെ ഉത്തരവില്‍ പറയുന്നു.
ടി.സി. മാത്യു കുറ്റക്കാരനാണെന്നു സബ് കമ്മിറ്റി കണ്ടെത്തിയാല്‍ കെസിഎയ്ക്കു ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടു പോകാനാകും. മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റ് സംബന്ധിച്ച് ടി.സി. മാത്യവിനെതിരെ ഉയര്‍ന്ന ആരോപണം ശരിയാണെന്നു ഓംബുഡ്‌സ്മാന്‍ കണ്ടെത്തിയിട്ടുണ്ട്. ലോധ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം കെസിഎ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷവും ടി.സി. മാത്യൂ താമസിച്ച മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിന്റെ വാടക കെസിഎ ആണ് നല്‍കിയതെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ഇതിനായി 5,25,000 രൂപയാണു ചെലവാക്കിയിരിക്കുന്നത്. ഇതു പലിശ സഹിതം ടി.സി. മാത്യുവില്‍നിന്ന് ഈടാക്കാന്‍ ഓംബുഡ്‌സ്മാന്‍ വിധിച്ചു.

ഇടുക്കിയില്‍ സ്റ്റേഡിയം നിര്‍മിക്കുന്നതില്‍ അഴിമതി നടത്തിയെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളുയര്‍ത്തി തൃശൂര്‍ സ്വദേശി കെ. പ്രമോദ് ആണ് ടി.സി. മാത്യു -വിനെതിരെ ഓംബുഡ്‌സ്മാന്‍ മുമ്പാകെ പരാതി നല്‍കിയത്. 28 വര്‍ഷമായി കെസിഎയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ടി.സി. മാത്യുവിനെതിരേ ഒമ്പത് ആരോപണങ്ങളാണ് പ്രമോദ് ഉന്നയിച്ചത്. ഇടുക്കിയില്‍ സ്‌റ്റേഡിയം നിര്‍മിക്കുന്നതിനായി അനുയോജ്യമല്ലാത്ത ഏട്ടേക്കര്‍ ഭൂമി വാങ്ങിയെന്നതാണ് ആദ്യ ആരോപണം.

ഇതിനു ശേഷം ഇടുക്കിയിലെ തെക്കുംപാടത്തും സ്‌റ്റേഡിയം നിര്‍മിക്കാനായി 18 ഏക്കറോളം ഭൂമി വാങ്ങി. ഇവിടെ പവലിയന്‍ നിര്‍മിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചില്ല എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടി പ്രമോദ് ആദ്യം കെസിഎയ്ക്കു പരാതി നല്‍കി. ഇത് അന്വേഷിക്കാന്‍ നാലംഗ കമ്മീഷനെയും കെസിഎ നിയോഗിച്ചിരുന്നു. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണു കമ്മീഷനോടു നിര്‍ദേശിച്ചിരിക്കുന്നത്. ഈ കാലയളവില്‍ ടി.സി. മാത്യു കേരള ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില്‍നിന്നും പൂര്‍ണമായി വിട്ടു നില്‍ക്കണമെന്നും പറഞ്ഞിരുന്നു. ഇതിനിടെ ടി.സി. മാത്യു കെസിഎ ഓഫീസില്‍ എത്തിയതിനെതിരേയും പ്രമോദ് പരാതി ഉന്നയിച്ചിരുന്നു. കെസിഎ നിയോഗിച്ച ഈ കമ്മീഷനോടാണ് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഓംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
സബ് കമ്മിറ്റി റിപ്പോര്‍ട്ട് വന്നിതിനു ശേഷം ടി.സി. മാത്യു വിനെതിരെ ക്രമിനല്‍ കേസ് അടക്കമുള്ളവ നല്‍കുന്ന കാര്യം തീരുമാനിക്കുമെന്നു പരാതിക്കാരനായ കെ. പ്രമോദ് പ്രതികരിച്ചു. കെസിഎയ്ക്കു പരാതി നല്‍കിയ ശേഷം ചില രേകകളില്‍ കൃത്രിമം കാണിക്കുന്നതായി വിവരം കിട്ടിയതിന്റെ പശ്ചാത്തലത്തിലാണ് ഓംബുഡ്‌സ്മാനെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.