കീഴാര്‍നെല്ലി മഞ്ഞപ്പിത്തത്തിനു മാത്രമല്ല മറ്റു ചില രോഗങ്ങൾക്കും ഉത്തമം

ശാഖകളോട് കൂടിയതും തണ്ടിന് പച്ച, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് കീഴാര്‍നെല്ലി.ഇവയുടെ ഇലകള്‍ തണ്ടില്‍ നിന്നും മാറി ശാഖകളില്‍ രണ്ടു വശങ്ങളിലായി കാണപ്പെടുന്നു.ചെറിയ പ്രാണികൾ വഴി പരാഗണം നടത്തുന്ന സസ്യമാണിത്. പരാഗണത്തിനായി ഒരു പൂവിൽ ഒരു ആൺതണ്ടും മൂന്ന് പെൺതണ്ടുകളും ഉണ്ടായിരിക്കും. ഈ പൂവുകളിൽ ചെറു പ്രാണികൾ വന്നിരിക്കുമ്പോൾ പരാഗണം സാധ്യമാകുന്നു. ഇങ്ങനെ പരാഗണം നടക്കുന്ന പൂക്കൾ കായ്കളായി ഇലത്തണ്ടിൻറെ അടിയിൽ നെല്ലിക്കയുടെ രൂപത്തിൽ കാണപ്പെടുകയും ചെയ്യുന്നു. ഈ കായ്കളിൽ ഓരോന്നിലും മൂന്ന് വിത്തുകൾ വീതം ഉണ്ടായിരിക്കും. ഇങ്ങനെ ഇലത്തണ്ടിനടിയിൽ നെല്ലിക്ക പോലെ വിത്തുകൾ കാണപ്പെടുന്നതു കൊണ്ടാണ്‌ ഈ സസ്യത്തെ കീഴാർ നെല്ലി എന്നു വിളിക്കുന്നത്.

ഇലയ്ക്ക് വെള്ളകലര്‍ന്ന പച്ച നിറമോ, കടുംപച്ച നിറമോ ആയിരിക്കും. ഇലകളുടെ അടിയിലായി മഞ്ഞകലര്‍ന്ന പച്ച നിറത്തിലുള്ള പൂക്കളുണ്ടാകുന്നു.കീഴാര്‍നെല്ലിയുടെ ഔഷധഗുണങ്ങള്‍ നിരവധിയാണ്.

നാട്ടിന്‍പുറങ്ങളില്‍ കണ്ടുവരുന്ന ഈ കുഞ്ഞന്‍ ചെടിക്ക് പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ മാറ്റാനുള്ള കഴിവുണ്ട്.ഫിലാന്തിന്‍, ഹൈപ്പോ ഫിലാന്തിന്‍ എന്നീ രാസവസ്തുക്കള്‍ കീഴാര്‍നെല്ലിയില്‍ അടങ്ങിയതിനാലാണ് മഞ്ഞപ്പിത്തം കുറയ്ക്കാന്‍ സഹായമാകുന്നത്.ചെടി സമൂലമായിട്ടാണ് മരുന്നിനായി ഉപയോഗിക്കുന്നത്

മൂത്രാശയരോഗങ്ങള്‍ക്ക് കീഴാര്‍നെല്ലി പശുവിന്‍ പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് ഉത്തമമാണ്.കീഴാര്‍നെല്ലിയുടെ നീര് തേങ്ങാ പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ കരള്‍ രോഗങ്ങള്‍ക്ക് ആശ്വാസമാകും.ദഹനത്തിനും ഉദരരോഗത്തിനും പ്രമേഹത്തിനും ശമനംനല്‍കുന്നു.

പല്ലിന്റെ ബലക്ഷയം മാറാന്‍ കീഴാര്‍നെല്ലി ദിവസവും വായിലിട്ട് ചവയ്ക്കുന്നതും നല്ലതാണ്.എണ്ണ കാച്ചി തലയില്‍ തേയ്ക്കുന്നത് മുടിയ്ക്ക് ഗുണം ചെയ്യും.കീഴാര്‍നെല്ലിയുടെ പുവും ഉപയോഗിക്കാവുന്നതാണ്.