[slick_weather]
22
May 2017

ഡോ.ജാഫർ പാലോടിന് സഹപ്രവർത്തകരുടെ ആദരം. പുതിയ കടന്നലിന് “ജാഫർ പാലോട്ടി”എന്ന് പേര്

ജെൽവി

കോഴിക്കോട് :പശ്ചിമഘട്ടത്തിൽ നിന്നും പുതിയ ഇനം കടന്നലിനെ കണ്ടെത്തി.”വെസ്‌പിഡെ” എന്ന കുടുംബത്തിൽ വരുന്ന “യുമെനിനെ”എന്ന ഉപകുടുംബത്തിൽ പെട്ട മണ്ണ് കൊണ്ട് കൂടുണ്ടാക്കുന്ന ശരാശരി 6 മില്ലി മീറ്റർ മാത്രം നീളമുള്ള ഉപദ്രവകാരികളല്ലാത്ത ചെറുകടന്നലുകളാണിവ.”പാരാൻസിസ് ട്രോസിറസ് ജാഫർ പാലോട്ടി”എന്നാണ് ഇതിന് ശാസ്ത്രീയ നാമം നൽകിയിരിക്കുന്നത്.

 

പശ്ചിമഘട്ടത്തിന്റെ ജന്തു വൈവിധ്യങ്ങളെക്കുറിച് നിർണ്ണായക സംഭാവനകൾ നൽകിയിട്ടുള്ള സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജഞനായ ഡോ.മുഹമ്മദ് ജാഫർ പാലോടിനോടുള്ള ആദരസൂചകമായിട്ടാണ് “പാരാൻസിസ് ട്രോസിറസ് “ജനുസ്സിൽപ്പെട്ട ഈ പുതിയ കടന്നലിന് “ജാഫർ പാലോട്ടി”എന്ന് നാമകരണം ചെയ്തിരിക്കുന്നതെന്ന് ഡോ.ഗിരീഷ് കുമാർ ഗ്രീൻ കേരള ന്യൂസിനോട് പറഞ്ഞു.

മലബാർ വന്യജീവി സങ്കേതം ആറളം വന്യജീവി സങ്കേതം കോഴിക്കോട് ജില്ലയിലെ മുത്തപ്പൻപുഴ എന്നീ മേഖലകളിൽ നിന്നും ഇതിനെ ഇതിനോടകം കണ്ടെത്തി കഴിഞ്ഞു.സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കോഴിക്കോടുള്ള പശ്ചിമഘട്ട പ്രാദേശിക കേന്ദ്രത്തിലെ ശാസ്ത്രജഞന്മാരായ ഡോ.പി.ഗിരീഷ് കുമാർ,ഡോ.പി.എം.സുരേഷൻ ന്യൂയോർക്കിലെ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ഡോ.ജെയിംസ് കാർപെന്ററും ഉൾപ്പെട്ട സംഘമാണ് ഈ പുതിയ ഇനം കടന്നലിനെ കണ്ടെത്തിയത്.”ഹാൾടിയേഴ്‌സ്”എന്ന ശാസ്ത്ര പ്രസിദ്ധികരണത്തിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ വന്നിട്ടുള്ളത്.
“പാരാൻസിസ് ട്രോസിറസ് ലോഹർബൺഡെൻസിസ് “,”പാരാൻസിസ് ട്രോസിറസ് ടുറെൻസിസ്‌”ആസ്സം, മേഘാലയ എന്നിവിടങ്ങളിലെ വനാന്തരങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.ഇതോടെ “പാരാൻസിസ് ട്രോസിറസ്” ജനുസ്സിൽപ്പെട്ട കടന്നലുകളുടെ എണ്ണം കേരളത്തിൽ മൂന്നും ഇന്ത്യയൊട്ടാകെ 11 ഉം ആയി വർദ്ധിച്ചു.