ജൂണ്‍ 5 ന് എറണാകുളം ജില്ലയില്‍ ഒരു ലക്ഷം പ്ളാവിന്‍ തൈകള്‍ നടും

കൊച്ചി: ജൂണ്‍ 5 ന് എറണാകുളം ജില്ലയില്‍ ഒരു ലക്ഷം പ്ളാവിന്‍ തൈകള്‍ നടും. സ്കൂള്‍- കോളജ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്‍റെ ചുമതല. തൈകള്‍ക്കായി ചക്കക്കുരു സംഘടിപ്പിക്കുന്ന തിരക്കിലാണ് സ്കൂളുകളിലെ റെഡ് ക്രോസ്, സ്കൗട്ട്, സ്റ്റുഡന്‍റ് പൊലീസ് വിഭാഗങ്ങള്‍. വിദ്യാഭ്യാസ വകുപ്പിന്‍റെ പദ്ധതിയാണിത്.

കേരള ജാക്ക് ഫ്രൂട്ട് എന്ന പേരില്‍ ചക്കയും ചക്ക ഉത്പന്നങ്ങളും ലോക വിപണിയില്‍ എത്തിക്കലാണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് നടീല്‍ തുടങ്ങും. കാമ്പസുകളിലും കുട്ടികളുടെ വീടുകളിലുമാണ് മുന്‍ഗണന. ഉടനെ തന്നെ മറ്റ് ജില്ലകളിലും പ്ളാവ് നടീല്‍ വ്യാപിപ്പിക്കും. അടുത്ത ജൂണ്‍ അഞ്ചിനകം സംസ്ഥാനമൊട്ടാകെ 60 ലക്ഷം പ്ളാവുകള്‍ വെച്ചുപിടിപ്പിക്കലാണ് ലക്ഷ്യം.

ചക്കയെ സംസ്ഥാനഫലമായി പ്രഖ്യാപിച്ച്‌ വെറുതെവിടാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. പുതിയ പ്ളാവുകള്‍ കായ്ച്ച്‌ തുടങ്ങന്നതോടെ 60 കോടി ചക്കകള്‍ വരെ അധികമായി ഉണ്ടാകുമെന്നാണ് കണക്ക്.

ആദ്യഘട്ടത്തിലേക്ക് മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് വിത്തുകള്‍ സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളെ കൂടി ഉള്‍പ്പെടുത്തി സമിതികള്‍ രൂപീകരിച്ച്‌ മികച്ച വിത്തുകള്‍ സമാഹരിച്ച്‌ പ്ളാവ് നടീല്‍ ഗംഭീരമാക്കും. പദ്ധതിയുടെ വിത്തുപാകല്‍ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 24ന് തിരുവനന്തപുരത്ത് സ്കൗട്ട് ആസ്ഥാനത്ത് നടക്കും.