വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് വിജയം;മാന് ഓഫ് ഡി മാച്ച് ഉമേഷ് യാദവ് ;പരമ്പരയിലെ താരം പൃഥ്‌വി ഷായും

ഹൈദരാബാദ് : വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് വിജയം . ഹൈദരാബാദിൽ നടന്ന മാച്ചിൽ പത്തുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. വിജയിക്കാൻ 72 റൺസെടുക്കേണ്ട ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ പതിനാറ് ഓവറിൽ വിജയം നേടുകയായിരുന്നു.

ഒന്നാം ഇന്നിംഗ്സിൽ നാല് വിക്കറ്റിന് 308 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 367 റൺസിന് ഓൾ ഔട്ടായി . 56 റൺസിന്റെ ലീഡ് നേടി. ഇന്ത്യക്ക് വേണ്ടി ഋഷഭ് പന്ത് 92 ഉം അജിങ്ക്യ രഹാനെ80 റൺസും നേടി. പൃഥ്വി ഷാ 70 റൺസെടുത്തു.

തുടർന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച വെസ്റ്റിൻഡീസിനെ ഉമേഷ് യാദവും രവീന്ദ്ര ജഡേജയും ചേർന്ന് വട്ടം കറക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ വെസ്റ്റിൻഡീസ് 127 റൺസിന് ഓൾ ഔട്ടായി. വെസ്റ്റിൻഡീസിന്റെ ആറു പേർ രണ്ടക്കം തികയ്ക്കാതെ പുറത്തായി.ഉമേഷ് യാദവ് നാല് വിക്കറ്റും രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും ആർ. അശ്വിൻ രണ്ടു വിക്കറ്റും നേടി. ഒന്നാമിന്നിംസിൽ ആറു വിക്കറ്റെടുത്ത ഉമേഷ് യാദവ് തന്റെ ആദ്യ പത്തുവിക്കറ്റ് നേട്ടവും സ്വന്തമാക്കി.

72 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഓപ്പണർമാർ വിജയം അനായാസമാക്കി. പൃഥ്വി ഷായും ലോകേഷ് രാഹുലും 33 റൺസ് വീതമെടുത്ത് പുറത്താകാതെ നിന്നു. ഉമേഷ് യാദവാണ് കളിയിലെ താരം .പരമ്പരയിലെ താരം പ്രിഥ്വി ഷായാണ്. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ ഷാ സെഞ്ച്വറി നേടിയിരുന്നു.

ഒന്നാം ടെസ്റ്റിൽ ഇന്നിംഗ്സ് വിജയം നേടിയ ഇന്ത്യ ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരി. ഇനി അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വെന്റി 20 യുമാണ് പരമ്പരയിൽ അവശേഷിക്കുന്നത്. ഇതിൽ കാര്യവട്ടത്തെ മത്സരം നവംബർ ഒന്നിന് നടക്കും..കളിയിലെ താരമായി ഉമേഷ് യാദവിനെയും പരമ്പരയിലെ താരമായി പൃഥ്‌വി ഷായെയും തിരഞ്ഞെടുത്തു