[slick_weather]
18
July 2018

100 കുളം; മൂന്നാം ഘട്ടം പദ്ധതിയില്‍ 13 കുളങ്ങള്‍ ശുചീകരിച്ചു

കൊച്ചി: ഹരിത കേരളം മിഷന്റെ ഭാഗമായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ നടക്കുന്ന 100 കുളം മൂന്നാം ഘട്ടം പദ്ധതി ലക്ഷ്യത്തോടടുക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ അഭിമുഖ്യത്തില്‍ ജില്ലയില്‍ 13 കുളങ്ങളുടെ നവീകരണം നടന്നു. രായമംഗലം പഞ്ചായത്തിലെ പെരുംചിറ മാണിയാട്ടുചിറ, അശമന്നൂര്‍ പഞ്ചായത്തിലെ കാനാക്കുളം, ഒക്കല്‍ പഞ്ചായത്തിലെ കരിക്കുളം നടമുറിക്കുളം, നെടുമ്പാശ്ശേരിയിലെ ഇടത്തിച്ചിറ കൊങ്ങോത്തറക്കുളം,കീഴ്മാട് പഞ്ചായത്തിലെ ഇരട്ടക്കുളം തൂമ്പക്കുളം,എടത്തലയില്‍ ചോലക്കുളം ചലയപ്പള്ളിക്കുളം, ആരക്കുഴ പഞ്ചായത്ത് കരടിക്കുളം, മലയാറ്റൂര്‍ കാവുങ്കല്‍കുളം, കുന്നപ്പള്ളിച്ചിറ, വലിയകുളം എന്നിങ്ങനെ 9 പഞ്ചായത്തുകളിലായി 13 കുളങ്ങളുടെ നവീകരണമാണ് ഈയാഴ്ച പൂര്‍ത്തീകരിച്ചത്.

കൊച്ചി ഷിപ്പ്‌യാഡിന്റെ സാമ്പത്തിക സഹായത്തോടു കൂടി ഹരിത കേരളം മിഷന്‍, മൈനര്‍ ഇറിനേഷന്‍, ശുചിത്വമിഷന്‍ , തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി പുരോഗമിക്കുന്നത്.

അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് എം.കെ. കബീര്‍, ഹരിത കേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുജിത് കരുണ്‍, ശുചിത്വമിഷന്‍ അസി. കോര്‍ഡിനേറ്റര്‍ മോഹനന്‍, മൈനര്‍ ഇറിഗേഷന്‍ അസി.എഞ്ചിനിയര്‍ ഹരിദാസ്, അന്‍പൊടു കൊച്ചി വാളന്റിയേഴ്‌സായ അനൂപ്, സന്തോഷ് തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡണ്ട്മാര്‍, വാര്‍ഡ് അംഗങ്ങള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബുകള്‍, എന്‍എസ്എസ് വെളണ്ടിയര്‍മാര്‍, അന്‍പൊടു കൊച്ചി, നെഹ്‌റു യുവ കേന്ദ്ര വൊളന്റിയേഴ്‌സ് തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.
ക്യാപ്ഷന്‍- രായമംഗലം പഞ്ചായത്തിലെ പെരുംചിറ ശുചീകരണം