കോണ്‍ഫെഡറേഷന്‍സ് കപ്പിൽ ജർമ്മനിയും ചിലിയും ഫൈനലിൽ

ജർമ്മനി 4-1 നു മെക്‌സിക്കോയെ തകര്‍ത്തു

കസാന്‍: മെക്‌സിക്കോയെ തകര്‍ത്ത് ജര്‍മനി കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ കടന്നു. കളിയുടെ തുടക്കം മുതലേ ആധിപത്യം പുലര്‍ത്തിയ ജര്‍മനി 4-1നാണ് മെക്‌സിക്കോയെ തകര്‍ത്തത്. ഞായാറാഴ്ച നടക്കുന്ന ഫൈനലില്‍ ജര്‍മനി ചിലിയെ നേരിടും.

കളിയുടെ തുടക്കത്തില്‍ മിഡ്ഫീല്‍ഡര്‍ ലിയോണ്‍ ഗോറെറ്റ്‌സ്‌ക നേടിയ രണ്ടു ഗോളുകളാണ് ജര്‍മന്‍ വിജയം അനായാസമാക്കിയത്. ആറ്, എട്ട് മിനിട്ടുകളിലായിരുന്നു ഗോറെറ്റ്‌സ്‌കയുടെ ഗോളുകള്‍. 59-ാം മിനിട്ടില്‍ ടിമോ വെര്‍ണര്‍ നേടിയ ഗോളിലൂടെ ജര്‍മനി മൂന്നാമതും മെക്‌സിക്കോയുടെ വല നിറച്ചു.

കളി അവസാന നിമിഷത്തില്‍ എത്തി നില്‍ക്കെ 89-ാം മിനിറ്റില്‍ മെക്‌സിക്കോ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും അടുത്ത മിനിറ്റില്‍ തന്നെ അമീന്‍ യൂനുസ് ജര്‍മനിയുടെ നാലാം ഗോളും നേടി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കളി 1-1 സമനിലയിലായിരുന്നു.