[slick_weather]
27
May 2018

ശീതളപാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസില്‍ ഗുരുതരമായ രോഗങ്ങള്‍ക്കുവരെ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

ആലപ്പുഴ: ദാഹവും ചൂടുമേറുമ്പോള്‍ സര്‍വതുംമറന്ന് ശീതളപാനീയങ്ങളില്‍ അഭയം തേടുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ ജാഗ്രതാ നിര്‍ദേശം. പാനീയത്തിന് തണുപ്പ് പകരാന്‍ ഉപയോഗിക്കുന്ന ഐസില്‍ നിന്ന് ഗുരുതരമായ രോഗങ്ങള്‍ക്കുവരെ സാദ്ധ്യതയുണ്ടെന്നാണ് നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.

മത്സ്യങ്ങള്‍ കേടാവാതിരിക്കാന്‍ ഉപയോഗിക്കുന്ന അമോണിയ കലര്‍ന്ന ഐസ് ശീതളപാനീയങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നു. കുലുക്കി സര്‍ബത്ത് പോലുള്ള പാനിയങ്ങളിലും വഴിയോര ശീതളപ്പാനിയക്കടകളിലുമാണ് ഗുണനിലവാരമില്ലാത്ത ഐസുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.

രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇത്തരം ഐസ് ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവും. മുന്‍പ് പാനീയങ്ങള്‍ തണുപ്പിക്കുന്നതിന് ശുദ്ധമായ ഐസ് ഫാക്ടറികളില്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇതിന് ചെലവ് കൂടുതലായതിനാല്‍ ഭൂരിഭാഗം ഫാക്ടറികളിലും ഈ ഐസിന്റെ ഉല്‍പാദനം നിര്‍ത്തുകയായിരുന്നു. ഇതോടെ പല ശീതളപാനീയ കടകളിലും മത്സ്യസംസ്‌കരണ മേഖലയില്‍ ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ ഐസ് ഉപയോഗിക്കാന്‍ തുടങ്ങി. ബോര്‍വെല്ലില്‍ നിന്നെടുക്കുന്ന ജലം ശുദ്ധീകരിക്കാതെയാണ് ഇവ നിര്‍മിക്കുന്നത്.

അമോണിയ കലര്‍ന്ന ഐസ് ഉപയോഗിക്കുന്ന കടകള്‍ക്കെതിരെ ഫുഡ് സേഫ്റ്റി ആന്‍ഡ് സാനിട്ടേഷന്‍ ആക്ട് പ്രകാരം കേസെടുക്കുമെന്നും പിഴയോ ക്രിമിനല്‍ നടപടിയോ സ്വീകരിക്കുമെന്നും ഫുഡ് സേഫ്റ്റി വിഭാഗം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.അമോണിയ കലര്‍ന്ന ഐസിന്റെ ഉപയോഗം ഉദര വ്യവസ്ഥയെയും ദഹനത്തെയും ബാധിക്കും. കൂടാതെ ആമാശയത്തില്‍ വ്രണങ്ങളും ഉണ്ടാകും. ദഹനക്കേട്, ഛര്‍ദി, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. തുടര്‍ച്ചയായി ഇവ ഉള്ളില്‍ ചെന്നാല്‍ രക്തകോശങ്ങളുടെ ഉല്‍പാദനത്തെ ബാധിക്കാനും അര്‍ബുദത്തിനുവരെ വഴിയൊരുക്കാനും സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കടകളില്‍ ഉപയോഗിക്കുന്ന ഐസ് ഏതിനത്തില്‍പ്പെട്ടതാണെന്ന് കാഴ്ചയില്‍ മനസിലാവില്ലെന്നതിനാലാണ് ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്നത്. തെര്‍മോകോള്‍ ബോക്‌സിനുള്ളില്‍ ഐസ് സൂക്ഷിക്കുന്നതും പുതിയ നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ചെറുകിടക്കാരുടെ കടകളില്‍ ഇപ്പോഴും ഫ്രിഡ്ജ് ആയി ഉപയോഗിക്കുന്നത് തെര്‍മോകോള്‍ പെട്ടികളാണ്. ചില കടക്കാര്‍ പെട്ടിയിലെ ഐസ് പൊട്ടിച്ച് പാനീയങ്ങളില്‍ ചേര്‍ക്കുമ്പോള്‍ മറ്റുചിലര്‍ കുപ്പികളിലെ പാനീയങ്ങള്‍ തണുപ്പിക്കുന്നത് പെട്ടിയിലെ ഐസിനിടയിലാണ്.
കച്ചവട സ്ഥാപനത്തിന് ഭക്ഷ്യ സുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ ഉണ്ടായിരിക്കുകയും അത് സ്ഥാപനത്തില്‍ എല്ലാവര്‍ക്കും കാണാവുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയും വേണമെന്നാണ് നിര്‍ദ്ധേശം ഉള്ളത്.

സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന വെള്ളം, ഐസ് ഇവ നിശ്ചിത ഗുണനിലവാരം ഉള്ളതും സുരക്ഷിതവും ആയിരിക്കണം. ജ്യൂസ്, ഫ്രൂട്ട് സാലഡ് തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന പഴങ്ങള്‍, ഐസ്, പഞ്ചസാര, നട്‌സ്, മറ്റ് ഭക്ഷ്യ ഉത്പന്നങ്ങള്‍ തുടങ്ങി സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന എല്ലാ ഭക്ഷ്യ ഉത്പന്നങ്ങളും സുരക്ഷാ ലൈസന്‍സ് ഉള്ള സ്ഥാപനത്തില്‍ നിന്ന് മാത്രമേ വാങ്ങാവു. അതിന്റെ ബില്ലുകള്‍ സൂക്ഷിക്കണം. വാങ്ങുന്ന ഭക്ഷ്യ ഉത്പന്നങ്ങളുടെ പാക്കറ്റുകള്‍ നിയമാനുസരണം ലേബല്‍ ഉള്ളതായിരിക്കണം. തീയതി, സാധനം വിറ്റ ആളിന്റെയോ സ്ഥാപനത്തിന്റെയോ പേര്, അളവ്, വില എന്നിവ രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കുകയും അത് പരിശോധനാ സമയത്ത് ഹാജരാക്കുകയും വേണം. ജ്യൂസ് നിര്‍മിക്കുന്നതിന് ആവശ്യമായ ജലം ശുദ്ധമായിരിക്കണം. ഇത് ആറ് മാസത്തിനുള്ളില്‍ വകുപ്പ് അംഗീകരിച്ച ഏതെങ്കിലും അനലെറ്റിക്കല്‍ ലാബുകളില്‍ പരിശോധിച്ച് ശുദ്ധമാണെന്ന് ഉറപ്പാക്കി സൂക്ഷിക്കേണ്ടതാണെന്നും ഭക്ഷ്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നുണ്ട്.