[slick_weather]
19
June 2018

ട്രക്കിംഗും വന്യജീവി സങ്കേതങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു

കൊച്ചി: സംസ്ഥാനത്തെ വനങ്ങള്‍ക്കുള്ളിലെ ട്രക്കിംഗും വന്യജീവി സങ്കേതങ്ങളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനവും താൽക്കാലികമായി നിരോധിച്ചതായി ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനും മുഖ്യവനം മേധാവിയുമായ പി.കെ. കേശവന്‍ അറിയിച്ചു. തേനി വനമേഖലയിലെ ട്രക്കിംഗിനിടയില്‍ കാട്ടുതീയില്‍പ്പെട്ട് നിരവധി പേര്‍ മരിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം.
വനം വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ യാതൊരു കാരണത്താലും പൊതുജനങ്ങളെ കാട്ടിലേയ്ക്ക് പ്രവേശിപ്പിക്കില്ല. താത്ക്കാലികമായി അടച്ചിടുന്ന വന്യജീവി സങ്കേതങ്ങളിലും മറ്റ് സന്ദര്‍ശക കേന്ദ്രങ്ങളിലും ആവശ്യമായ പരിശോധനകള്‍ നടത്തി അവ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കിയതിനു ശേഷമേ പ്രവേശനം അനുവദിക്കൂ. വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍മാരേയും ഡിവിഷണല്‍ ഫോറസ്റ്റ് ആഫീസര്‍മാരേയും ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. പുന:പ്രവേശനം അനുവദിക്കുന്ന കേന്ദ്രങ്ങളില്‍ കാട്ടുതീ സാധ്യതാമേഖലകള്‍, കാട്ടുതീ തടയുന്നതിനുള്ള മുന്‍കരുതലുകള്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കായി 15 മിനിറ്റുള്ള വിവരണം നല്‍കും. തീപ്പെട്ടി, ലൈറ്റര്‍, പുകയിലെ ഉല്പന്നങ്ങള്‍, തീയുണ്ടാക്കാന്‍ സാദ്ധ്യതയുള്ള മറ്റെല്ലാ സാധനങ്ങള്‍ക്കും നിരോധനമുണ്ടാകും. ഫയര്‍ ലൈനുകള്‍ യഥാസമയം വൃത്തിയാക്കി കൂടുതല്‍ സുരക്ഷയൊരുക്കും. വനം വകുപ്പ് ജീവനക്കാര്‍, താത്ക്കാലിക വാച്ചര്‍മാര്‍ എന്നിവരെല്ലാം അപകടം ഒഴിവാക്കുന്നതിനുള്ള എല്ലാവിധ മുന്‍കരുതലുകളും എടുക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യവനപാലകന്‍ അറിയിച്ചു.