[slick_weather]
02
March 2019

പ്രളയദുരിതത്തിനിടയിലും നെല്ലുല്‍പ്പാദനത്തില്‍ വിപ്ലവം തീര്‍ത്ത് കുട്ടനാടന്‍ കര്‍ഷകര്‍.

കോട്ടയം: പ്രളയദുരിതത്തിനിടയിലും നെല്ലുല്‍പ്പാദനത്തില്‍ വിപ്ലവം തീര്‍ത്ത് കുട്ടനാടന്‍ കര്‍ഷകര്‍. കാലാവസ്ഥയും സര്‍ക്കാര്‍ നടപടികളും തീര്‍ത്ത പ്രതിസന്ധിക്കിടയിലും വിത്തെറിഞ്ഞ് കര്‍ഷകര്‍ നേടിയ വിളവ് ഹെക്ടറില്‍നിന്ന് ശരാശരി 8 ടണ്ണിലധികമാണ്. ഇത് മുന്‍കാലത്തെ വിളവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇരട്ടിയിലധികമാണ്.

കുട്ടനാട് ഉള്‍പ്പെടെയുള്ള കാര്‍ഷികമേഖലയില്‍ വ്യാപക നാശം വിതച്ച പ്രളയം ബാക്കി വെച്ച സൗഭാഗ്യമാണ് ഇന്ന് പാടശേഖരങ്ങളില്‍ നിന്ന് ലഭിക്കുന്ന റെക്കോര്‍ഡ് വിളവിനെ കര്‍ഷകര്‍ കരുതുന്നത്. ഹെക്ട്
റില്‍നിന്ന് ശരാശരി മൂന്നര മുതല്‍ നാല് ടണ്‍വരെ വിളവ് ലഭിച്ചിരുന്ന പാടത്തില്‍നിന്ന് ഇക്കുറി ലഭിച്ചത് 8 ടണ്‍ നെല്ലാണ്.

7000 ഹെക്ടര്‍ പാടത്ത് കഴിഞ്ഞ പുഞ്ചകൃഷി സീസണിലേതിലും അധികമായി വിത്ത് വിതച്ചതിലൂടെ മാത്രം 50,000 ടണ്‍ നെല്ല് അധികമായി ഉത്പാദിപ്പിക്കാനാകുമെന്നും മററുപാടശേഖരങ്ങളിലെ ഉയര്‍ന്ന അളവിലുള്ള വിളവ് കൂടി കണക്കാക്കുമ്പോള്‍ നെല്ലുല്‍പ്പാദനത്തില്‍ ആലപ്പുഴക്ക് റെക്കാര്‍ഡ് നേട്ടമാകും ഇക്കുറി ഉണ്ടാകുകയെന്നും ജില്ലാ കൃഷി ഓഫീസര്‍ അഭിപ്രായപ്പെട്ടു.

പ്രളയാനന്തരം കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ പ്രതികൂല ഘടകങ്ങള്‍ നീങ്ങിയെന്നും ഈ അവസ്ഥ നിലനിര്‍ത്തിയാല്‍ കാര്‍ഷികരംഗത്തെ നേട്ടം തുടരാനാകുമെന്നും കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.

ലോകത്തെ തന്നെ ഉയര്‍ന്ന ഉദ്പാദന ക്ഷമതയായാണ് ഇത്തവണത്തെ ആലപ്പുഴ ജില്ലയിലെ പാടശേഖരങ്ങളിലെ വിളവിനെ കണക്കാക്കുന്നത്. ഇതേസമയം, വിത്ത് വിതരണം വൈകിയതുമൂലം വിതക്കുന്നത് താമസിച്ചതിനാല്‍ വേനല്‍ മഴ ഭീക്ഷണിയിലാണ് കൊയ്ത്ത് അവശേഷിക്കുന്ന പകുതിയിലേറെ പാടശേഖരങ്ങളും. ജില്ലയില്‍ 70 ശതമാനത്തിലേറെ പാടങ്ങളിലേയും കൊയ്ത്ത് ഒരുമാസത്തിനുള്ളിലേ പൂര്‍ത്തിയാകുകയുള്ളു. പ്രകൃതിയായി നല്‍കിയ വിളവ് കൊയ്തെടുക്കാനാകുമോ എന്ന ആശങ്കയാണ് കൃഷി ഉദ്യോഗസ്ഥരും കര്‍ഷകരും ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്.