എന്താണ് ലോക കപ്പിന്റെ ചരിത്രം

പ്രസാദ് നാരായണൻ

ലോകമെങ്ങുമുള്ള കാൽ പന്തുകളിക്കാർക്കു ലഹരിപകർന്നുകൊണ്ട് റഷ്യയിൽ ഇരുപത്തിഒന്നാമത് ലോകകപ്പിനു നാളെ തിരശീല ഉയരുകയാണ് ….ഫുട്ബോളിനെ സ്നേഹിക്കുന്നവർക്ക് ലോകകപ്പ് മത്സരങ്ങൾ ആവേശവും അതിലുപരി ലഹരിയുമാണ് .ഫിഫ (ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ) യാണ് ലോകകപ്പിന്റെ സംഘടകർ .ഏഴു രാജ്യങ്ങളിൽ നിന്നുളള സംഘടനകളുടെ യോഗം 1904-ൽ ചേർന്നാണ് കായികമത്സരങ്ങൾക്ക് ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ ഫിഫ രൂപികരിച്ചത്. ഈ രാജ്യങ്ങളെല്ലാം യൂറോപ്പിൽനിന്നുള്ളവയായിരുന്നു. പാരീസിലായിരുന്നു ആസ്ഥാനം. റോബെർട്ട് ഗ്യൂറിനാണ് ആദ്യ പ്രസിഡന്റ്.

1910 ൽ ദക്ഷിണാഫ്രിക്കയും 1912 ൽ അർജന്റീനയും ചിലിയും 1913 ൽ അമേരിക്കയും അംഗങ്ങളായി ചേർന്നതോടെ ഫിഫയൊരു അന്തർദ്ദേശീയ സംഘടനയായി മാറുകയായിരുന്നു. 1914 ൽ തുടങ്ങിയ ഒന്നാം ലോക മഹായുദ്ധവും ,അതിനുശേഷം ഉണ്ടായ രാജ്യങ്ങൾ തമ്മിലുള്ള അകൽച്ചയും ഫിഫയെ വല്ലാതെ തളർത്തി ,

രാജ്യങ്ങളുടെ നിസ്സഹരണം മൂലം ഫുട്ബാൾ പ്രചാരണം എന്ന ആശയം ആദ്യഘട്ടത്തിൽ നടപ്പിലായില്ല .1921 ഫിഫയുടെ മൂന്നാമത്തെ പ്രസിഡന്റായി വന്ന യൂൾ റിമെയാണ് അന്താരാഷ്ട്രതലത്തിൽ ഒരു മത്സരം എന്ന ആശയം മുന്നോട്ടു വയ്ക്കുന്നത് .

തുടർച്ചയായ ഒൻപതു വർഷങ്ങൾ വേണ്ടി വന്നു യൂൾ റിമെക്കു തന്റെ സ്വപ്നം പൂർത്തിയാക്കാൻ .വന്ശക്തികളായ ലോകരാജ്യങ്ങൾ മുഖം തിരിച്ചപ്പോൾ 1930 ൽ സ്വാത്രന്ത്യത്തിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ലോകകപ്പ് സംഘടിപ്പിക്കാൻ ഉറുഗ്വേ മുന്നോട്ട് വന്നു . ആദ്യ ലോകകപ്പിൽ ഉറുഗ്വേ തന്നെ ചാമ്പ്യൻ മാരായി .

ഫൈനലിൽ എതിരാളികളായി വന്ന അർജന്റീനയെ 4 -2 നാണു ഉറുഗ്വേ തോൽപ്പിച്ചത് . ആദ്യലോകകപ്പു അങ്ങനെ വിജയമായതോടെ യൂറോപ്പിലെ വിമുഖത കാണിച്ചിരുന്ന രാജ്യങ്ങളെല്ലാവരും ഫിഫയുമായി സഹകരിക്കാൻ മുന്നോട്ടു വന്നു, ഇതോടെ ഫിഫ ഐക്യരാഷ്ട്രസഭയേക്കാൾ അംഗങ്ങൾ ഉള്ള സംഘടനയായി മാറി . ഓരോ നാലുവർഷം കൂടുമ്പോഴാണ് ലോകകപ്പ് മല്സരങ്ങൾ നടക്കുന്നതെങ്കിലും, രണ്ടാം ലോകമഹായുദ്ധം കാരണം 1942 ലും , 1946 ലും. ലോകകപ്പ് മത്സരങ്ങൾ നടന്നിരുന്നില്ല .
ലോക കപ്പു ട്രോഫി .

 

ഏറ്റവും കൂടുതൽ തവണ ലോകകപ്പ് നേടിയ രാജ്യം ബ്രസീലാണ്, അഞ്ചു തവണ , വെസ്റ്റ് ജർമനിയും , ഇറ്റലിയും , ഉറുഗ്വേയും മൂന്നുതവണ ലോകകപ്പ് നേടിയിട്ടുണ്ട് ,അർജന്റീന രണ്ടുതവണയും , ഇംഗ്ലണ്ട് , ഫ്രാൻസ് , സ്പെയിൻ , ജർമ്മനി എന്നിവർ ഓരോതവണയും ലോകകപ്പ് സ്വന്തമാക്കിയിട്ടുണ്ട്.1930 ലെ ആദ്യമത്സരം മുതൽ നൽികിയിരുന്ന ലോകകപ്പ് ട്രോഫി 1946 ൽ അന്നത്തെ ഫിഫ പ്രസിഡന്റ് ജൂലെസ് റിമേത്തിന്റ പേരിൽ പുനർനാമകരണം ചെയ്തു .ജൂലെസ് റീമേത് ട്രോഫി എന്നാക്കി മാറ്റി .എന്നാൽ 1970 ൽ ബ്രസീൽ മൂന്നാമത് കീരിടം നേടിയപ്പോൾ ജൂലെസ് റീമേത് ട്രോഫി അവർ സ്ഥിരമാക്കി , നാട്ടിലേക്കു കൊണ്ടുപോയി എന്നാൽ നിർഭാഗ്യം എന്ന് പറയട്ടെ ബ്രസീലിൽ നിന്നും 1983 ൽ കള്ളന്മാർ ആ ട്രോഫി മോഷ്ടിച്ചു. അന്വേഷണ ഏജൻസികൾക്കു ഇതുവരെ ആ ട്രോഫി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല , അത് ഉരുക്കി മാറ്റിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ വിലയിരുത്തിയിരിക്കുന്നത് .1970 നു ശേഷം ഫിഫ പുതിയതായി തയാറാക്കിയ ട്രോഫിക്ക് ഫിഫ ലോകകപ്പ് ട്രോഫി എന്നാണ് പേരുനൽകിയത്.18 കരാറ്റ് സ്വർണത്തിൽ തയ്യാറാക്കിയിരിക്കുന്ന ഈ ട്രോഫിക്ക് 36 സെന്റിമീറ്റർ ഉയരവും ആറു കിലോ ഭാരമുണ്ട് .ഇപ്പോൾ സുരക്ഷാ പ്രശനം കാരണം യഥാർത്ഥ ട്രോഫി ഒരു രാജ്യത്തേക്കും ഫിഫ കൊടുത്തുവിടാറില്ല , പകരം ജേതാക്കൾക്ക് ട്രോഫിയുടെ ഒരു പകർപ്പാണ് നൽകുന്നത് .