21-ാമത് ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ റഷ്യയിൽ തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം ;ലോകകപ്പിന്റെ പാട്ട് ;വീഡോയോ കാണുക

മോസ്‌കോ:ഇന്ന് മുതൽ ലോകം റഷ്യയിലേക്ക് ഉറ്റു നോക്കും . 21-ാമത് ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം . ഇന്ന് രാത്രി 8 .30 നു റഷ്യ സൗദി അറേബിയയെ നേരിടുന്നതോടെ ലോകകപ്പ് തുടങ്ങും ജൂൺ 14 മുതൽ ജൂലൈ 15 വരെ നീളുന്ന പോരാട്ടങ്ങളുടെ 32 ദിവസം, 32 ടീമുകൾ, 11 നഗരങ്ങളിലെ 12 വേദികളിലായി 64 മത്സരങ്ങൾ…ജൂലൈ 15നാണ് ഫൈനൽ

ആറ് കോൺഫെഡറേഷനുകളിലെ 211 അംഗരാജ്യങ്ങൾ രണ്ട് വർഷം നീണ്ട യോഗ്യതാ റൗണ്ടിൽ മത്സരിച്ചപ്പോൾ ലോകകപ്പ് ഫുട്ബോളിന്‍റെ ഫൈനൽ റൗണ്ടിൽ കളിക്കാൻ യോഗ്യത ലഭിച്ചത് 31 ടീമുകൾക്ക്. ആതിഥേയരായ റഷ്യയ്ക്ക് പ്രവേശനം നേരിട്ടും. അങ്ങനെയെത്തുന്ന 32 ടീമുകൾ എട്ട് ഗ്രൂപ്പുകളിലായി മത്സരിക്കുന്നു.

റഷ്യ,സൗദി അറേബ്യ, ഈജിപ്‍റ്റ്, ഉറുഗ്വെ എന്നീ ടീമുകൾ ഗ്രൂപ്പ് എയിലും, പോർച്ചുഗൽ, സ്‍പെയിൻ, മൊറോക്കോ, ഇറാൻ എന്നീ ടീമുകൾ ഗ്രൂപ്പ് ബിയിലും ഫ്രാൻസ്, ഓസ്‍ട്രേലിയ, പെറു, ഡെൻമാർക്ക് ടീമുകൾ ഗ്രൂപ്പ് സീയിലും അർജന്‍റീന, ഐസ്‍ലൻഡ്, ക്രൊയേഷ്യ, നൈജീരിയ ടീമുകൾ ഗ്രൂപ്പ് ഡീയിലും മത്സരിക്കുന്നു. ഗ്രൂപ്പ് ഇയിൽ ബ്രസീൽ, സ്വിറ്റ്സർലൻഡ്, കോസ്റ്റാറിക്ക, സെർബിയ ടീമുകളും ഗ്രൂപ്പ് എഫിൽ ജർമ്മനി, മെക്സിക്കോ, സ്വീഡൻ, ദക്ഷിണകൊറിയ ടീമുകളും ഗ്രൂപ്പ് ജീയിൽ ബെൽജിയം, പനാമ, ടുനീഷ്യ, ഇംഗ്ളണ്ട് ടീമുകളും ഗ്രൂപ്പ് എച്ചിൽ പോളണ്ട്, സെനഗൽ, കൊളംബിയ, ജപ്പാൻ ടീമുകളും അണിനിരക്കുന്നു.

യു.എസ്, നെതർലൻഡ്സ്, ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ ചിലെ, ആഫ്രിക്കൻ ജേതാക്കളായ കാമറൂൺ, നാല് തവണ ലോക ജേതാക്കളായിട്ടുള്ള ഇറ്റലി എന്നീ ടീമുകളുടെ അഭാവം ശ്രദ്ധേയം.

ക്രിക്കറ്റിലെ പോലെ, വീഡിയോ അസിസ്റ്റന്‍റ് റഫറിയുടെ സഹായം ആദ്യമായി ഏർപ്പെടുത്തുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. പന്ത് ഗോൾവര കടന്നോ, പെനാൽറ്റി അനുവദിക്കണമോ വേണ്ടയോ, ചുവപ്പ് കാർഡ് അർഹിക്കുന്ന ഫൗളാണോ വരുത്തിയത്, ആള് മാറിയാണോ കാർഡ് നൽകിയത് എന്നീ കാര്യങ്ങളിൽ സംശയമുണ്ടെങ്കിൽ വീഡിയോ അസിസ്റ്റന്‍റ് റഫറിയുടെ സഹായം തേടാം. തെറ്റായ തീരുമാനമാണ് ഫീൽഡ് റഫറിയുടേതെങ്കിൽ തിരുത്താനും വി.എ.ആറിന് ആവശ്യപ്പെടാം.

ഇനി കാതും കണ്ണും റഷ്യയിലേക്ക് കൂർപ്പിക്കാം. പ്രതീക്ഷയും ആവേശവും കുതിപ്പും കിതപ്പും ആഹ്ലാദവും ആവേശവും നിരാശയും കണ്ണീരും കലർന്ന. കാലം കാത്തുവച്ച മനോഹര പോരാട്ടങ്ങൾക്കായി