[slick_weather]
28
June 2017

ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അടക്കുന്നതില്‍ മനോരമയും മംഗളവും വീഴ്ച വരുത്തി ;മനോരമയും കിറ്റെക്‌സ് നല്‍കാനുള്ളത് 6 കോടി

കൊച്ചി: ജീവനക്കാരുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് തുക അടക്കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനങ്ങളില്‍ മാധ്യമ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വമ്പന്‍മാര്‍. ഒപ്പം സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളും ;സ്വകാര്യ മേഖലയ്‌ക്കൊപ്പം തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതില്‍ മുന്‍പന്തിയിലാണ്. പത്തുലക്ഷത്തിലേറെ രൂപയുടെ കുടിശിക വരുത്തിയ സ്ഥാപനങ്ങളുടെ പട്ടിക എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍-കേരള പുറത്തുവിട്ടു.

 

മലയാള മനോരമ, മംഗളം, ജയ്ഹിന്ദ് ടിവി, ഇന്ത്യാവിഷന്‍ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 396 സ്ഥാപനങ്ങളുടെ വിവരങ്ങളാണ് ഇപിഎഫ്ഒ പുറത്തുവിട്ടത്. അഴിമതിരഹിത ഭരണത്തിന് മാതൃക കാണിക്കാന്‍ കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി-ട്വന്റി എന്ന സംഘടനയിലൂടെ പഞ്ചായത്ത് ഭരണത്തിന് പിന്തുണ നല്‍കുന്ന കിറ്റെക്‌സ് മൂന്നു സ്ഥാപനങ്ങളിലായി 6 കോടിയിലേറെ രൂപയാണ് പ്രൊവിഡന്റ് ഫണ്ട് ഇനത്തില്‍ നല്‍കാനുള്ളത്.
കിറ്റെക്‌സ് എറണാകുളം എന്ന പേരില്‍ 1,84,71,000 രൂപയും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് 77.01 ലക്ഷം രൂപയുമാണ് പ്രൊവിഡന്റ് ഫണ്ട് ഇനത്തില്‍ നല്‍കാനുള്ള കുടിശിക. കിറ്റെക്‌സ് ചില്‍ഡ്രന്‍ വെയര്‍ ലിമിറ്റഡ് 3.42, 09,000 രൂപ നല്‍കണം. മലയാള മനോരമ 15 ലക്ഷം രൂപ നല്‍കാനുണ്ട്. മംഗളം പബ്ലിക്കേഷന്‍സ് നല്‍കാനുള്ളത് 1,05,85,000 രൂപയാണ്. ഇപ്പോള്‍ പ്രവര്‍ത്തനം നിലച്ചിരിക്കുന്ന ഇന്ത്യാവിഷന്‍ 2014 വരെ 1,34,53,000 രൂപ കുടിശികയിനത്തില്‍ നല്‍കാനുണ്ടെന്ന് കണക്കുകള്‍ പറയുന്നു.

കെപിസിസി ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് ടിവിയും തൊഴിലാളി ദ്രോഹത്തില്‍ മോശമല്ല. 29,53,000 രൂപയാണ് ജയ്ഹിന്ദിന്റെ കുടിശിക. ഇന്ത്യന്‍ എക്‌സ്പ്രസ് 45,80,000 രൂപ കുടിശിഖ വരുത്തിയിട്ടുണ്ട്. ഭാരത് ടിവി 21,23,000 രൂപ നല്‍കണം.

29 കോടി എട്ടു ലക്ഷത്തി അറുപത്തി രണ്ടായിരം രൂപ കുടിശിക വരുത്തിയ ആലപ്പുഴ ജില്ലാ സഹകരണ ബാങ്കാണ് പട്ടികയിലെ കേമന്‍. തൊട്ടു പിന്നാലെ 20 കോടിയിലേറെ കുടിശികയുമായി മലപ്പുറം ജില്ലാ സഹകരണ ബാങ്കുമുണ്ട്.
സംസ്ഥാനത്തെ വന്‍കിട ആശുപത്രികളും സ്വകാര്യ സ്‌കൂളുകളും തദ്ദേശസ്ഥാപനങ്ങളും വരെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ലേക്ക്‌ഷോര്‍ ആശുപത്രി, തിരുവല്ല പുഷ്പഗിരി ആശുപത്രി, മിംസ്, തിരുവനന്തപുരം കിംസ്, മലബാര്‍ ജ്വല്ലേഴ്‌സ്, ദേവസ്വം ബോര്‍ഡ് കോളേജ്, കൊച്ചി കോര്‍പറേഷന്‍, വര്‍ക്കല മുനിസിപ്പാലിറ്റി, പ്ലാന്റേഷന്‍ കോര്‍പറേഷന്‍, സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍ തുടങ്ങിയവ പട്ടികയിലെ ചില പ്രമുഖര്‍ മാത്രമാണ്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമമനുസരിച്ച് തൊഴിലാളികള്‍ക്ക് നല്‍കുന്ന ശമ്പളത്തില്‍ നിന്ന് നിശ്ചിത ശതമാനം തുകയും തൊഴിലുടമ സമാനമായ തുകയും ചേര്‍ത്താണ് അടക്കേണ്ടത്. തൊഴിലാളികളുടെ വിഹിതം ശമ്പളത്തില്‍ നിന്ന് പിടിച്ച ശേഷമാണ് എല്ലായിടത്തും ശമ്പളം നല്‍കാറുള്ളത്. ജീവനക്കാരുടെ വേതനത്തിന്റെ ഒരംശം അനധികൃതമായി തടഞ്ഞുവെക്കപ്പെടുകയാണ് പ്രൊവിഡന്റ് ഫണ്ട് തുക സ്ഥാപനങ്ങള്‍ അടക്കാതെ വരുമ്പോള്‍ നടക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ട മാധ്യമങ്ങളിലെ ജീവനക്കാര്‍ പോലും തൊഴില്‍ ചൂഷണത്തിനു വിധേയരായിക്കൊണ്ടിരിക്കുന്നു എന്നതാണ് ഈ കണക്കുകള്‍ നല്‍കുന്ന സൂചന.

(കടപ്പാട്: ന്യൂസ് മൊമന്റസ്)