ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ ഇലക്ട്രിക് സ്കൂട്ടർ പ്രെയ്സ് പുറത്തിറക്കി ;വില 59,889 രൂപ

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ ഇലക്ട്രിക് സ്കൂട്ടർ ഒകിനാവ പ്രെയ്സ് പുറത്തിറക്കി . മണിക്കൂറിൽ 75 കിലോമീറ്ററാണ് പ്രെയ്സിന്റെ പരമാവധി സ്പീഡ്. ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 59,889 രൂപയാണ്.

മികച്ച പെര്‍ഫോമന്‍സും ഫീച്ചറുകളും അവകാശപ്പെടുന്ന പ്രെയ്‌സ് പ്രീമിയം സ്‌കൂട്ടറായാണ് ഒകിനാവ അവതരിപ്പിച്ചിരിക്കുന്നത്. 1,970 എംഎംആണ് നീളം, 745 എംഎം വീതി, 1,145 എംഎം ഉയരവുമുള്ള പ്രെയ്സിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 170 എംഎം ആണ്.

3.35 ബിഎച്ച്പിയുള്ള 1,000 വാട്ട് ഇലക്ട്രിക് മോട്ടോറാണ് സ്‌കൂട്ടറിന് നല്‍കിയിരിക്കുന്നത്. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 175-200 കിലോമീറ്റര്‍ സഞ്ചരിക്കാം. അങ്ങനെയെങ്കിൽ ഒരു കിലോമീറ്റര്‍ പ്രെയ്സിൽ യാത്ര ചെയ്യുന്നതിന് പത്ത് പൈസ മാത്രമാണ് ചെലവ് വരിക.വിആര്‍എല്‍എ ബാറ്ററി, ലിഥിയം-അയണ്‍ ബാറ്ററി എന്നിങ്ങനെ രണ്ട് ബാറ്ററി മോഡലുകള്ലാണ് പ്രെയ്സ് നിരത്തിലിറങ്ങുന്നത്. ഇതിൽ വിആർഎൽഎ ബാറ്ററി 6-8 മണിക്കൂറുകൾ കൊണ്ടാണ് പൂർണ്ണമായും ചാർജാവുന്നത്. എന്നാൽ ലിഥിയം-അയണ്‍ ബാറ്ററി വെറും രണ്ട് മണിക്കൂറുകൾ കൊണ്ട് ഫുൾ ചാർജാവും.

കഴിഞ്ഞമാസം ബുക്കിംഗ് ആരംഭിച്ച സ്കൂട്ടർ ഈ മാസം അവസാനത്തോടെ ലഭ്യമായി തുടങ്ങും. തുടക്കത്തില്‍ വിആര്‍എല്‍എ ബാറ്ററി വെർഷൻ മാത്രമാകും വിപണിയിലെത്തുക. എന്നാൽ രണ്ടോ മൂന്നോ മാസങ്ങൾക്കുള്ളിൽ ലിഥിയം-അയണ്‍ ബാറ്ററി വെര്‍ഷനും വിപണിയിലെത്തും.ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ഒകിനാവ ഓട്ടോടെക്കിന്റെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടറാണ് പ്രെയ്‌സ്. ആദ്യ മോഡലായ റിഡ്ജ് ഈ വര്‍ഷം തുടക്കത്തില്‍ പുറത്തിറക്കിയിരുന്നു.