[slick_weather]
21
August 2018

എടപ്പാള്‍ തീയേറ്റർ പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ എസ്‌ ഐ ക്കെതിരെ പോക്‌സോ വകുപ്പ്‌ചേര്‍ത്ത്‌ പൊലീസ്‌ കേസെടുത്തു.

മലപ്പുറം: എടപ്പാള്‍ തീയേറ്റർ പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ചങ്ങരംകുളം എസ്‌ ഐ കെ ജി ബേബിക്കെതിരെ പോക്‌സോ വകുപ്പ്‌ചേര്‍ത്ത്‌ പൊലീസ്‌ കേസെടുത്തു. കുട്ടിയെ തിയേറ്ററിനുള്ളില്‍ വച്ചു പീഡനത്തിരയാക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സഹിതം ഏപ്രില്‍ 26ന്‌ പരാതി കിട്ടിയിട്ടും എസ്‌ ഐ കേസെടുത്തിരുന്നില്ല.

പീഡന വിവരം അറിഞ്ഞിട്ടും യഥാസമയം നിയമനടപടികള്‍ സ്വീകരിക്കാതിരുന്നതിനാണ്‌ കേസ്‌. ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. എസ്ഐ യെ നേരത്തെ തന്നെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം, കേസ് അന്വേഷണത്തിലെ വീഴ്ചയുടെ ഉത്തരവാദിത്തം മുഴുവന്‍ എസ്ഐ യുടെ തലയില്‍കെട്ടിവച്ച്‌ ഉയര്‍ന്ന ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണവും ശക്തമായി. ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ വരുന്ന ബാലപീഡനത്തില്‍ ഡി വൈ എസ്പി അടക്കമുള്ളവര്‍ക്ക് ഉത്തരവാദിത്തമില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് എസ്പി ഡി ജി പിക്ക് കൈമാറി.

കേസില്‍ ഒന്നാംപ്രതിയായ പാലക്കാട്‌ തൃത്താല കാങ്കുന്നത്ത്‌ മൊയ്‌തീന്‍കുട്ടിക്കെതിരേ ബലാല്‍സംഗക്കുറ്റവും പോക്‌സോയും ചുമത്തിയിട്ടുണ്ട്‌. രണ്ടാം പ്രതിയും പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ മാതാവുമായ സ്‌ത്രീക്കെതിരേയും പോക്‌സോ ചുമത്തിയിട്ടുണ്ട്‌.