[slick_weather]
18
July 2018

രാജ്യം വരണ്ടുണങ്ങാന്‍ പോവുകയാണെന്നു പഠനം;ഇന്ത്യയിൽ ഉറവകളും ജലസംഭരണികളും വറ്റുന്നു

ന്യൂഡല്‍ഹി: രാജ്യം വരണ്ടുണങ്ങാന്‍ പോവുകയാണെന്നു പഠനം. ലോകത്തിലെ മറ്റു പല പ്രദേശങ്ങളിലെന്ന പോലെ ഇന്ത്യയിലെയും ഉറവകളും ജലസംഭരണികളും വറ്റുകയാണ്. പ്രവചിക്കപ്പെട്ടതിലും നേരത്തേ രാജ്യം സമ്പൂര്‍ണ വരള്‍ച്ചയിലേക്കു നീങ്ങുകയാണെന്നു ദ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കുടിക്കാന്‍ ഒരുതുള്ളി വെള്ളമില്ലാതെ മരണം മുന്നില്‍ക്കാണുന്ന ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണ്‍ നഗരം പോലെ ‘ജലരഹിത ദിനം’ (ഡേ സീറോ) ഇന്ത്യന്‍ നഗരങ്ങളിലും വന്നേക്കാമെന്നാണു റിപ്പോര്‍ട്ട്. 2013 മുതല്‍ 2017 വരെയുള്ള സാറ്റലൈറ്റ് ദൃശ്യങ്ങള്‍ അപഗ്രഥിച്ചാണു റിപ്പോര്‍ട്ട് തയാറാക്കിയത്.

മൊറോക്കോ, ഇറാഖ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും ജലലഭ്യത കുത്തനെ കുറയുകയാണ്.ലോകത്തിലെ അഞ്ചു ലക്ഷം ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുകയാണെന്നാണു സാറ്റലൈറ്റ് മുന്നറിയിപ്പ് സംവിധാനത്തിലെ ഡേറ്റകള്‍ കാണിക്കുന്നത്. ഇന്ത്യയിലെ ജലസംഭരണികളും വരളുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ അധികം വൈകാതെ ‘ജലരഹിത ദിനം’ എന്ന ദുരന്തം നേരിടേണ്ടി വരും. അനിയന്ത്രിതവും അശാസ്ത്രീയവുമായ ജലോപയോഗം, കാലാവസ്ഥാ വ്യതിയാനം, ജലം പാഴാക്കല്‍ തുടങ്ങിയവയാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്.

ജലസമൃദ്ധിയുള്ള കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഇപ്പോള്‍തന്നെ വരള്‍ച്ചാ കെടുതികള്‍ അനുഭവിക്കുന്നുണ്ട്.