മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്തിയില്ല;ജയിലില്‍ ആത്മഹത്യ ചെയ്ത സൗമ്യയുടെ മൃതദേഹം ഇന്ന് പയ്യാമ്പലത്ത് സംസ്‌കരിക്കും

കണ്ണൂര്‍: മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്തിയില്ല . വനിതാ ജയിലില്‍ ആത്മഹത്യ ചെയ്ത പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയുടെ മൃതദേഹം ഇന്ന് പയ്യാമ്പലത്ത് സംസ്‌കരിക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം ഏറ്റെടുക്കാന്‍ താത്പര്യമുള്ള ബന്ധുക്കളുണ്ടെങ്കില്‍ 0497 2748310, 9446899508 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് വനിതാ ജയില്‍ സൂപ്രണ്ട് അറിയിച്ചിരുന്നു. സൗമ്യയുടെ മൃതദേഹം ഏറ്റെടുക്കാനാകില്ലെന്ന് സഹോദരി രേഖാമൂലം അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗമ്യയെ വനിതാ ജയിലിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതോടെ മരണത്തില്‍ ദുരൂഹത ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ വനിതാ ജയില്‍ അധികൃതര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയില്‍ വാര്‍ഡന്മാര്‍ക്കെതിരേയും സൂപ്രണ്ടിനെതിരേയും നടപടി വരുമെന്നാണ് സൂചന.സെല്ലിന് പുറത്ത് തടവുകാരെ ജോലിക്കു വിടുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടാകണമെന്നാണ് ചട്ടം. എന്നാല്‍ ജോലി സ്ഥലത്തു നിന്നും സൗമ്യയെ കാണാതായ വിവരം ജയില്‍ അധികൃതര്‍ അറിയുന്നത് ആത്മഹത്യ ചെയ്തതിന് ശേഷമാണ്. ജയിലില്‍ ഡ്യൂട്ടിയില്‍ നാലുപേരാണ് ഉണ്ടായിരുന്നത് എന്നും വിവരമുണ്ട്.

സൗമ്യയുടെ മരണത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജയില്‍ ഡി.ജി.പി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടത്. ആത്മഹത്യയില്‍ ദുരുഹതയുണ്ടോ എന്നും സൗമ്യ കസ്റ്റഡിയില്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കണം. സൗമ്യയെ ആരെങ്കിലും ആത്മഹത്യക്ക് പ്രേരിപ്പിച്ചോ എന്ന കാര്യവും വിശദമായി അന്വേഷിക്കണമെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറയുന്നുണ്ട്.

വഴിവിട്ട ബന്ധങ്ങള്‍ക്ക് മകളും മാതാപിതാക്കളും തടസമായപ്പോള്‍ മൂവരേയും കൊലപ്പെടുത്തി എന്നാണ് സൗമ്യക്കെതിരേയുള്ള കേസ്. സൗമ്യയുടെ മാതാപിതാക്കളായ വണ്ണത്താം വീട്ടില്‍ കമല (65), ഭര്‍ത്താവ് കുഞ്ഞേരി കുഞ്ഞിക്കണ്ണന്‍ (80), സൗമ്യയുടെ മകള്‍ ഐശ്വര്യ (9) എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ജനുവരി 31നാണ് ഐശ്വര്യ മരിച്ചത്. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്. എലിവിഷം ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയാണ് സൗമ്യ ഇവര്‍ മൂന്നു പേരെയും കൊലപ്പെടുത്തിയത് എന്നാണ് പൊലിസ് കണ്ടെത്തല്‍.