[slick_weather]
21
October 2017

മെസ്സിയല്ല റൊണാൾഡോയാണ് ഫുടബോൾ രാജാവ്

ഷാജി ജേക്കബ്ബ്

സൂറിക്ക് : റയൽ മാഡ്രിഡിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ
റൊണാൾഡോ തന്നെ ലോക ഫുടബോൾ രാജാവ്. പോയ വർഷത്തെ ഏറ്റവും മികച്ച പുരുഷ
ഫുടബോൾ താരത്തിനുള്ള ഫിഫാ ബെസ്റ്റ് പ്ലെയർ പുരസ്‌കാരം പോർച്ചുഗീസ് നാകനായ
റൊണാൾഡോ കരസ്ഥമാക്കി. ഫിഫാ ആസ്ഥാനത്തു തിങ്കളാഴ്ച അർധരാത്രി നടന്ന
ചടങ്ങിലായിരുന്നു പ്രഖ്യാപനം. സ്ഥിരം എതിരാളി ബാഴ്സിലോണയുടെ അർജന്റീന
സൂപ്പർ താരം ലയണൽ മെസിയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് റൊണാൾഡോ
ജേതാവായത്.

ചടങ്ങിന് ഏതാനും മണിക്കൂറുകൾ മുമ്പ് ബാഴ്‌സിലോണ ക്ലബ് മെസിയെ
പിൻവലിച്ചിരുന്നു.
റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും പോർച്ചുഗലിനൊപ്പം യൂറോ
കപ്പും ഉയർത്തിയ റൊണാൾഡോ അർഹിച്ച നേട്ടമായി ഇത്. മെസിക്കു പിന്നിൽ
ഫ്രഞ്ച് സ്‌ട്രൈക്കർ അന്റോയിൻ ഗ്രീസ്‌മൻ മൂന്നാം സ്ഥാനത്തു വന്നു.
” എന്റെ കരിയറിലെ ഏറ്റവും മികച്ച വർഷമാണ് 2016. വ്യക്തിപരമായും
കായികപരമായും ഗംഭീര വർഷമായിരുന്നു ഇത്,” ഫിഫാ പ്രസിഡന്റ് ജിയാനി
ഇൻഫന്റിനോയുടെ കൈയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം റൊണാൾഡോ
പറഞ്ഞു.
ഫുടബോളിലെ ഏറ്റവും മഹത്തായ മറ്റൊരു അവാർഡായ ഫ്രഞ്ച് ഫുടബോൾ
മാസികയുടെ ബാലൺ ഡി ഓർ പുരസ്‌കാരം കഴിഞ്ഞ മാസം ഈ മുപ്പത്തൊന്നുകാരനെ
തേടിയെത്തിയിരുന്നു. ഇതു നാലാം തവണയാണ് റൊണാൾഡോ ഫിഫാ പുരസ്‌കാരം
നേടുന്നത്. 2008, 2013, 2014 വർഷങ്ങളിലും റൊണാൾഡോ ആയിരുന്നു മികച്ച താരം.

ഇക്കുറി പുരസ്‌കാരം റൊണാൾഡോ തന്നെ നേടുമെന്ന് ഉറപ്പായിരുന്നു.
കളിക്കളത്തിൽ അത്രയ്ക്ക് മികവു പ്രകടിപ്പിച്ചിരുന്നു ഈ സൂപ്പർ താരം. റയൽ
മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കു നയിക്കുന്നതിൽ മുഖ്യ പങ്കു
വഹിച്ചു. ഫൈനലിൽ ടൈ ബ്രേക്കറിൽ നിർണായക ഷോട്ട് ഗോളാക്കി റയലിന്റെ വിജയം
ഉറപ്പാക്കി. 16 ഗോളുകൾ നേടി ചാമ്പ്യൻഷിപ്പിലെ ടോപ് സ്‌കോറർ ആകുകയും
ചെയ്തു.

ഇതിനു പിന്നാലെ പോർച്ചുഗലിനെ യൂറോ കപ്പിലേക്കു നയിച്ചു.
പോർച്ചുഗലിനെ ഫൈനൽ വരെ എത്തിക്കുന്നതിൽ റൊണാൾഡോ നിർണായക പങ്കു വഹിച്ചു.
മികച്ച പരിശീലകനുള്ള പുരസ്‌കാരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്കു
ലെസ്റ്റർ സിറ്റിയെ നയിച്ച് അദ്‌ഭുതം സൃഷ്ടിച്ച ഇറ്റാലിയൻ കോച്ച്
ക്ലോഡിയോ റാനിയേരി നേടി. ആരും കിരീട സാധ്യത കൽപിക്കാതിരുന്ന ലെസ്റ്റർ
സിറ്റിയുടെ അവിശ്വസനീയ കുതിപ്പിനു പിന്നിലെ തന്ത്രശാലി അർഹിച്ച
പുരസ്‌കാരം.

 

പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ്, റയൽ മാഡ്രിഡ് കോച്ച്
സിനഡിൻ സിഡാൻ എന്നിവരെ പിന്തള്ളിയാണു അറുപത്തഞ്ചുകാരനായ റാനിയേരി ഈ
നേട്ടം കൈവരിച്ചത്. അവിശ്വസനീയ ബഹുമതിയാണിതെന്ന് പുരസ്‌കാരം അർജന്റീനയുടെ
ഇതിഹാസം ഡിയേഗോ മറഡോണയിൽ നിന്ന് ഏറ്റുവാങ്ങിയ റാനിയേരി പറഞ്ഞു. ഇംഗ്ലീഷ്
ഫുടബോൾ ചരിത്രത്തിലെ ഞെട്ടിപ്പിക്കുന്ന നേട്ടങ്ങളിലൊന്നായിരുന്നു
ലെസ്റ്റർ സിറ്റിയുടേത്.
യു.എസ്. മധ്യനിരക്കാരി കാർലി ലോയിഡ് ആണ് ഏറ്റവും മികച്ച വനിതാ താരം.
രണ്ടു തവണ ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ കാർലി തന്നെ ആയിരുന്നു 2015-ലും
ഈ പുരസ്‌കാരം നേടിയത്. ബ്രസീലിയൻ താരം മാർത്ത, ജർമനിയുടെ മെലാനി
ബെഹ്റിൻജർ എന്നിവരെ പിന്തള്ളിയാണ് കാർലി ഈ നേട്ടം കൈവരിച്ചത്.