[slick_weather]
24
September 2017

മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ദേശീയനഗര ഉപജീവനത്തിന്റെ കീഴില്‍ തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് ആരംഭിക്കുന്ന താഴെപ്പറയുന്ന സൗജന്യ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

വെബ് ഡിസൈനിങ് & പബ്ലിഷിങ്ങ് അസിസ്റ്റന്റ് കോഴ്‌സിലേക്ക് പത്താം ക്‌ളാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. പതിനാലുവയസ്സു തികഞ്ഞ എട്ടാംക്‌ളാസ് പാസായവര്‍ക്ക് ഇലക്ട്രിഷ്യന്‍ ഡൊമസ്റ്റിക്ക് കോഴ്‌സിലേക്കോ ഇലക്ട്രോണിക് ടെക്‌നീഷ്യന്‍ കോഴ്‌സിലേക്കോ അപേക്ഷിക്കാം.
അപേക്ഷര്‍ ബിപിഎല്‍ കാര്‍ഡ് ഉപഭോക്താക്കളോ കുടുംബശ്രീ അംഗമോ ആശ്രിതരോ ആയിരിക്കണം. അല്ലാത്തവര്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന 50000 വരെയുള്ള വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.
അപേക്ഷര്‍ കേരളത്തിലെ കോര്‍പറേഷന്‍ അല്ലെങ്കില്‍ മുനിസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരായിരിക്കണം. ദൂരപരിധി അനുസരിച്ചു സൗജന്യ താമസ സൗകര്യവും ഭക്ഷണവും ഏര്‍പെടുത്തും. കോഴ്‌സുകള്‍ നടത്തുന്നത് മോഡല്‍ എഞ്ചിനീയറിംഗ് കോളേജിന്റെ അനുബന്ധസ്ഥാപനങ്ങളായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ്ങ് സ്‌കൂള്‍, ഇടപ്പള്ളി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന ഐഎച്ച്ആര്‍ഡി റീജിയണല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ആയിരിക്കും.
ഐ.എച്ആര്‍ഡിയുടെ തിരുവനന്തപുരത്തെ മോഡല്‍ ഫിനിഷിങ് സ്‌കൂളിലും പ്രസ്തുത കോഴ്‌സുകള്‍ ചെയ്യാം. തിരുവനന്തപുരം കോര്പറേഷനിലോ ജില്ലയിലെ മുനിസിപ്പാലിറ്റികളിലോ ഉള്ള സ്ഥിരതാമസക്കാര്‍ക്കാണ് തിരുവനന്തപുരത്ത് അവസരം ലഭിക്കുക.

കൂടാതെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡ്ഡ്ഡ് സിസ്റ്റംസ് ഡിസൈന്‍ കോഴ്‌സ്, സര്‍ട്ടിഫിക്കറ്റ്‌കോഴ്‌സ് ഇന്‍ ഡെന്റല്‍ അസ്സിസ്റ്റന്‍സ് , സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അക്രെഡിറ്റേഷന്‍ ആന്‍ഡ് സെര്‍ട്ടിഫിക്കേഷന്‍ ഇന്‍ ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്‍, സര്‍ട്ടിഫിക്കറ്റ്‌കോഴ്‌സ് ഇന്‍ ഓട്ടോകാഡ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ജാവ ആന്‍ഡ്രോയിഡ് പ്രോഗ്രാമിങ് , ഡിപ്‌ളോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ് എന്നീ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
സെപ്റ്റംബറില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ്ങ് സ്‌കൂളിലും തിരുവനന്തപുരം മോഡല്‍ ഫിനിഷിങസ്‌കൂളിലും ആരംഭിക്കുന്ന ആറ് മാസം കാലാവധിയുള്ള കോഴ്‌സാണ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡ്ഡ്ഡ് സിസ്റ്റംസ് ഡിസൈന്‍. എംടെക് / എംഎസ് സി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.

ഒരു വര്‍ഷമെങ്കിലും ഡെന്റല്‍ ക്ലിനിക്കില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡെന്റല്‍ അസ്സിസ്റ്റന്‍സ് സര്‍ട്ടിഫിക്കേഷന് അപേക്ഷിക്കാം. സെപ്റ്റംബര്‍ 15 നു പുതിയ ബാച്ച് ആരംഭിക്കും.
ഡിപ്ലോമയോ ബിടെക് എന്‍ജിനീയറിങ്ങോ പൂര്‍ത്തിയാക്കിയവര്‍ക്കു മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അക്രെഡിറ്റേഷന്‍ ആന്‍ഡ് സെര്‍ട്ടിഫിക്കേഷന്‍ ഇന്‍ ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന് അപേക്ഷിക്കാം. അക്രെഡിറ്റേഷന്‍ സര്‍ട്ടിഫിക്കേഷന്‍ നടപടിക്രമങ്ങളില്‍ പരിശീലനം നല്‍കുന്ന കോഴ്‌സിന്റെ പുതിയ ബാച്ച് സെപ്തംബര്‍ 15-ന് ആരംഭിക്കും.

ഐടിഐ, ഡിപ്ലോമ എഞ്ചിനീയറിംഗ് കഴിഞ്ഞവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഓട്ടോകാഡിന് അപേക്ഷിക്കാം.

ജാവ ആന്‍ഡ്രോയിഡ് പ്രോഗ്രാമിങ് ,ബൂട്‌സ്‌റ്റേപ്പേര്‍, അംഗുലര്‍ ജെസ് എന്നിവ പഠിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ജാവ ആന്‍ഡ്രോയിഡ് പ്രോഗ്രാമിങിലേക്ക് ഡിപ്ലോമയോ എഞ്ചിനീറിംഗോ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.

ആറ് മാസം കാലാവധിയുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്പ്‌ലിക്കേഷന്‍സ് കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട് അഡ്മിഷന്‍ നടത്തും. അപേക്ഷകര്‍ പ്‌ളസ്ടു പാസ്സായ സര്‍ടിഫിക്കറ്റും കോപ്പികളും അടക്കം സെപ്റ്റംബര്‍ 15 നു മുമ്പായി കലൂര്‍ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍ 8547005092, 04842985252