[slick_weather]
01
September 2018

കൃഷി വകുപ്പിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല

തിരുവനന്തപുരം:കൃഷി വകുപ്പിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല .കൃഷിവകുപ്പില്‍ വിവിധ അഴിമതി, കൈക്കൂലി, സാമ്പത്തിക ക്രമക്കേട് എന്നീ കേസുകളിലാണ് 186 ഉദ്യോഗസ്ഥര്‍ അന്വേഷണം നേരിടുന്നത് .. കേസുകള്‍ നിരവധിയുണ്ടെങ്കിലും ഇവര്‍ സര്‍വിസില്‍ സസുഖം വാഴുന്നു. അതും പ്രധാനപ്പെട്ട തസ്തികകളില്‍.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അട്ടിമറിച്ച് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയത്, ഓണച്ചന്തകളില്‍ പച്ചക്കറി വിതരണം ചെയ്തതിലെ അഴിമതി, കേരശ്രീ പദ്ധതി നടത്തിപ്പിലെ ക്രമക്കേട്, കൊപ്ര സംഭരണത്തിലെ ക്രമക്കേട്, പഞ്ചായത്ത് നിര്‍ദേശം നല്‍കിയിട്ടും കാര്‍ഷിക പദ്ധതിയില്‍ ജൈവവളം ടെന്‍ഡര്‍ നിബന്ധനകള്‍ അട്ടിമറിച്ചത്, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍, വ്യാജരേഖ ചമയ്ക്കല്‍, വിവിധ പദ്ധതി നടത്തിപ്പുകളിലെ ക്രമക്കേട് തുടങ്ങിയവയാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകള്‍.

തൃശൂര്‍ കെ.എസ്.എസ്.ഡി.എയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒന്‍പത് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് കേസ്.

ഇവര്‍ക്കെതിരേ ഗുരുതരമായ സാമ്പത്തിക ക്രമക്കേടാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തെങ്കിലും ഇപ്പോഴും വകുപ്പ്തല അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് വകുപ്പ് മേധാവികള്‍ പറയുന്നത്.

പാലക്കാട് ജില്ലയിലെ അയിലൂര്‍ കൃഷി ഭവന്‍ പരിധിയില്‍ 2014-15ല്‍ രജിസ്‌ട്രേഡ് സീഡ് ഗ്രോവേഴ്‌സ് പ്രോഗ്രാമിന്റെ മേല്‍നോട്ടത്തിലെയും നടത്തിപ്പിലെയും ഗുരുതര വീഴ്ചയ്‌ക്കെതിരേയും നാളികേര വികസന കോര്‍പറേഷനിലെ അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ട പരാതികളിലും അന്വേഷണം നടക്കുന്നുണ്ട്
കൂടാതെ 123 കൃഷി ഓഫിസര്‍മാര്‍ക്കെതിരേയും, ഏഴ് കൃഷി അസിസ്റ്റന്റുമാര്‍ക്കെതിരേയും, 22 അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍മാര്‍ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്. ഇവരെ കൂടാതെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവിധ അഴിമതി കേസുകളില്‍ 83 പേര്‍ക്കെതിരേയും അന്വേഷണം നടക്കുന്നു. സര്‍ക്കാര്‍ മാറി വന്നിട്ടും അഴിമതിക്കാരെ സംരക്ഷിക്കുക എന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.