[slick_weather]
08
November 2018

ഇന്ത്യയുടെ ഭാവിഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് കുട്ടികളെന്ന് പ്രൊഫ. എം കെ സാനു

കൊച്ചി: ഇന്ത്യയുടെ ഭാവിഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് കുട്ടികളെന്ന് പ്രൊഫ. എം കെ സാനു പറഞ്ഞു. കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പിന്റെ കീഴിലുള്ള സ്ഥാപനമായ കേരള സംസ്ഥാനബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും വിദ്യാഭ്യാസവകുപ്പിന്റെ വിദ്യാരംഗം കലാസാഹിത്യവേദിയും ചേര്‍ന്ന് സംഘടിപ്പിച്ച നെഹ്റുസ്മൃതി 2018 ശിശുദിനാഘോഷപരിപാടികള്‍ എറണാകുളം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റുസ്മൃതി 2018 ദേശീയോദ്‍ഗ്രഥന പ്രശ്നോത്തരിയില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും അദ്ദേഹം വിതരണം ചെയ്തു.

സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്കാരികസമ്മേളനത്തില്‍ എം എല്‍ എ ഹൈബി ഈഡന്‍ അദ്ധ്യക്ഷനായിരുന്നു.105 വയസ്സുള്ള സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനുമായ എന്‍ യു ജോസഫിനെ ചടങ്ങില്‍ പ്രൊഫ. എം കെ സാനു ആദരിച്ചു. കുഞ്ഞുങ്ങളാണ് നല്ല ജനതയെ വാര്‍ത്തെടുക്കുന്നതെന്ന് കട്ടികളുടെ ചോദ്യത്തിനു മറുപടിയായി എന്‍ യു ജോസഫ് പറഞ്ഞു.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഒരു മണ്‍യാത്ര (രഞ്ജിത്ത് മോഹന്‍), ഉറൂബ് (ഡി പ്രദീപ് കുമാര്‍), കാട്ടിലെ കൂട്ടുകൃഷി (അബ്ദുള്‍ കരിം), ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി(സനില്‍ പി തോമസ്) എന്നീ പുസ്തകങ്ങളുടെ പ്രകാശനം എം എല്‍ എ ഹൈബി ഈഡന്‍ നിര്‍വഹിച്ചു. കുട്ടികള്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സെബാസ്റ്റ്യന്‍ പള്ളിത്തോട്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ലളിത കെ കെ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്‍സലം എന്‍ എക്സ്, വിദ്യാരംഗം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിംല കാസിം എ, സ്കൂള്‍ പ്രധാന അധ്യാപിക പി വി ശൈലജ, പി ടി എ പ്രസിഡന്റ് ഷിബു പി ചാക്കോ,എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

2018 നവംബര്‍ 1 കേരളപ്പിറവിദിനം മുതല്‍ ശിശുദിനമായ 14വരെ നെഹ്‍റുസ്‍മൃതി 2018 എന്ന പേരില്‍ പതിന്നാല് ജില്ലകളിലും ശിശുദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ ഹൈസ്കൂള്‍, യു പി തലത്തിലുള്ള കുട്ടികള്‍ക്കായി നെഹ്രുവിന്റെ ജീവിതകാലത്തെ സ്വാതന്ത്ര്യസമരചരിത്രത്തെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം, സാംസ്കാരികസമ്മേളനം, സ്വാതന്ത്ര്യസമരസേനാനികളെ ആദരിക്കല്‍, ബാലസാഹിത്യ പുസ്തകങ്ങളുടെ പ്രകാശനങ്ങള്‍, ബാലസാഹിത്യപുസ്തകപ്രദര്‍ശനം എന്നിവ ഓരോ ജില്ലയിലെയും പരിപാടികളുടെ ഭാഗമായിരിക്കും.