[slick_weather]
06
December 2018

സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയെ എന്തിനായിരുന്നു തിടുക്കത്തില്‍ മാറ്റിയതെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യുഡൽഹി : സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയെ എന്തിനായിരുന്നു തിടുക്കത്തില്‍ മാറ്റിയതെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെട്ട സെലക്ഷൻ കമ്മറ്റിയോട് എന്തുകൊണ്ട് ചോദിച്ചില്ലെന്നും കോടതി ആരാഞ്ഞു. എന്നാല്‍ അടിയന്തിര സാഹചര്യത്തിലായിരുന്നു ഉദ്യോഗസ്ഥരെ ചുമലകളിൽ നിന്ന് തൽക്കാലം മാറ്റിയതെന്ന് സോളിസിറ്റർ ജനറൽ തുഷാർമേത്ത മറുപടി നല്‍കി.

സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥർ പൂച്ചകളെപ്പോലെ തമ്മിലടിച്ചതുകൊണ്ടാണ് ഇടപെടേണ്ട സാഹചര്യമുണ്ടായതെന്ന് കേന്ദ്രസർക്കാർ നേരത്തേ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സിബിഐ ഡയറക്ടർ അലോക് വർമയെയും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെയും പ്രതിക്കൂട്ടിലാക്കുന്നതാണ് കേന്ദ്രസർക്കാർ നിലപാട്. സിബിഐയ്ക്ക് മേൽ അധികാരങ്ങളുണ്ടെന്ന് കേന്ദ്രവിജിലൻസ് കമ്മീഷനും കോടതിയിൽ കഴിഞ്ഞ ദിവസം വാദിച്ചിരുന്നു.

സിബിഐ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലെ വിഴുപ്പലക്കൽ തെരുവിലേക്ക് വരെ എത്തിയ അസാധാരണ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടതെന്ന് അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാൽ കഴിഞ്ഞ ദിവസം വാദിച്ചത്. ഉദ്യോഗസ്ഥര്‍ പൂച്ചകളെ പോലെ തമ്മിലടിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടില്ലായിരുന്നെങ്കിൽ അതീവഗുരുതരമായ സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ പോകുമായിരുന്നുവെന്നും എജി വാദിച്ചു.

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നിർബന്ധിത അവധി എടുപ്പിച്ച് മാറ്റിനിർത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് അലോക് വര്‍മ നൽകിയ ഹര്‍ജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യങ്ങൾ അറിയിച്ചത്. ഉദ്യോഗസ്ഥ തര്‍ക്കം തെരുവിലേക്ക് എത്തിയതിന് എന്താണ് തെളിവെന്ന് കോടതി ചോദിച്ചപ്പോൾ പത്രവാര്‍ത്തകളുടെ പകര്‍പ്പ് അറ്റോര്‍ണി ജനറൽ ജഡ്ജിമാര്‍ക്ക് നൽകി. അലോക് വര്‍മ്മയെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി എന്ന് പറയാനാകില്ലെന്നും ചുമതലകളിൽ നിന്ന് തൽക്കാലം ഒഴിവാക്കുക മാത്രമാണ് ചെയ്തതെന്നും അറ്റോര്‍ണി ജനറൽ അറിയിച്ചു.