[slick_weather]
16
July 2018

പുസ്തകങ്ങളുമായി ചങ്ങാത്തം സ്ഥാപിക്കുന്നത് സാംസ്കാരികപ്രവര്‍ത്തനമെന്ന് പായിപ്ര രാധാകൃഷ്ണന്‍

കൊച്ചി:പുസ്തകങ്ങളുമായി ചങ്ങാത്തം സ്ഥാപിക്കുന്നത് മികച്ച സാംസ്കാരികപ്രവര്‍ത്തനമാണെന്ന് സാഹിത്യകാരന്‍ പായിപ്ര രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. തണ്ടേക്കാട് ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച അക്ഷരയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരിരുന്നു അദ്ദേഹം.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അദ്ധ്യക്ഷനായിരുന്നു. ഉദ്ഘാടനച്ചടങ്ങില്‍ നടന്ന ഗുരുപൂജയില്‍ ദീര്‍ഘകാലം സ്കൂളിലെ പ്രധാനദ്ധ്യാപകനായിരുന്ന എം എം അലിയാര്‍കുഞ്ഞിനെ ആദരിച്ചു. വായനാമത്സരത്തിലും കാവ്യാലാപനമത്സരത്തിലും വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനവും സര്‍ട്ടിഫിക്കറ്റും വാര്‍ഡ് മെമ്പര്‍ പി എ മുഖ്താര്‍ വിതരണം ചെയ്തു.

ജമാ അത്ത് ഭാരവാഹികളായ കെ ഐ അബൂബക്കര്‍, കുഞ്ഞുമുഹമ്മദ് പുലവത്ത്, സ്കൂള്‍ മാനേജര്‍ എം എം അബ്ദുള്‍ ലത്തീഫ്, പ്രധാന അധ്യാപകന്‍ വി പി അബൂബക്കര്‍, പി ടി എ പ്രസിഡന്റ് വി എം അബു, സ്റ്റാഫ് സെക്രട്ടറി കെ എം ഷാഹിര്‍, ഡോ. കെ എൻ ഉണ്ണികൃഷ്ണന്‍, കെ എ നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 183 ബാലസാഹിത്യ പുസ്തകങ്ങള്‍ പകുതി വിലയ്ക്ക് ഈ പദ്ധതിയിലൂടെ കുട്ടികള്‍ക്ക് ലഭ്യമാവും. ജില്ലയിലെ അടുത്ത അക്ഷരയാത്ര കാലടി ചെങ്ങല്‍ സെയിന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജനുവരി 15ന് ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും. സമീപസ്കൂളുകളിലെ കുട്ടികള്‍ക്കും പുസ്തകങ്ങള്‍ വാങ്ങാന്‍ അവസരമുണ്ട്. ഫെബ്രുവരി 6വരെ ഒരു മാസക്കാലം ജില്ലയിലെ പത്തു സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് അക്ഷരയാത്ര നടക്കുന്നത്.