[slick_weather]
20
February 2017

അവസാന നിമിഷം മെസി ബാഴ്സയുടെ രക്ഷകനായി

ബാർസിലോണ : സ്പാനിഷ് ലാലീഗിൽ ലയണൽ മെസി അവസാന നിമിഷം ബാഴ്‌സിലോണയെ
തോൽവിയുടെ വക്കിൽ നിന്നു കരകയറ്റി. അവിശ്വസനീയ ഫ്രീ കിക്ക് ഗോളിലൂടെ മെസി
വിയ്യ റയലിനെതിരെ ബാഴ്‌സയ്ക്ക് 1-1 സമനില സമ്മാനിച്ചു. ഈ സമനിലയോടെ ബാഴ്സ
ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡിന് അഞ്ചു പോയിന്റ് പിന്നിൽ മൂന്നാം
സ്ഥാനത്തായി.
പെനാൽറ്റി ബോക്സിനു പുറത്തു ലഭിച്ച ഫ്രീ കിക്ക് മെസി മഴവിൽ അഴകിൽ വലയുടെ
വലത്തേ മൂലയിൽ അടിച്ചു കയറ്റിയപ്പോൾ ബാഴ്സ തോൽവിയുടെ നാണക്കേടിൽ നിന്ന്
കഷ്ടിച്ചു രക്ഷപ്പെട്ടു. അമ്പതാം മിനിറ്റിൽ ഇറ്റാലിയൻ സ്‌ട്രൈക്കർ
നിക്കോളാ സാൻസനേ നേടിയ ഗോളിൽ വിയ്യാ റയൽ ജയിച്ചെന്നു കരുതിയ
അവസരത്തിലാണ് മെസിയുടെ വിസ്മയ ഗോൾ പിറന്നത്. 11 വർഷത്തിനിടെ ആദ്യമായി
ബാഴ്‌സയെ അവരുടെ മണ്ണിൽ പരാജയപ്പെടുത്താനുള്ള സുവർണാവസരമാണ് വിയ്യാ
റയലിനു നഷ്ടമായത്.