[slick_weather]
19
January 2018

മികച്ച നിലയിലെത്തിയവരെല്ലാം നല്ല പുസ്തകങ്ങള്‍ വായിച്ചു വളര്‍ന്നവര്‍ – സിപ്പി പള്ളിപ്പുറം

കൊച്ചി:മികച്ച നിലയില്‍ എത്തിച്ചേര്‍ന്നവരെല്ലാം നല്ല പുസ്തകങ്ങള്‍ വായിച്ചുവളര്‍ന്നവരാണെന്ന് പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം. നല്ല പുസ്തകങ്ങള്‍ വായിച്ചുവളര്‍ന്നതിനാലാണ് ജോസഫ് മുണ്ടശ്ശേരി കേരളം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസമന്ത്രിയായത്. കേരള സര്‍ക്കാരിന്റെ സാംസ്കാരികവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എറണാകുളം ജില്ലയില്‍ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ സെയിന്റ് തെരാസസ് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊബൈലിനും ഇന്റര്‍നെറ്റിനും ഒപ്പം പുസ്തകങ്ങളെക്കൂടി സ്നേഹിക്കാന്‍ കുട്ടികള്‍ക്കാവണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അദ്ധ്യക്ഷനായിരുന്നു. ഉദ്ഘാടനച്ചടങ്ങില്‍ സ്കൂളിലെ മുന്‍ അധ്യാപികയായിരുന്ന ഏലമ്മ ചെറിയാന്‍ ടീച്ചറെ ഗുരുപൂജയര്‍പ്പിച്ച് ആദരിച്ചു. വായനാമത്സരത്തിലും കാവ്യാലാപനമത്സരത്തിലും വിജയികളായ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗവും എഴുത്തുകാരനുമായ സെബാസ്റ്റ്യന്‍ പള്ളിത്തോട് വിതരണം ചെയ്തു. സെയിന്റ് തെരാസസ് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മലയാളം അധ്യാപിക ഷൈനി ബെന്നി, മേരി റെയ്നോള്‍ഡ്, എല്‍ പി സ്കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ ലുസെറ്റ് സി എസ് എസ് ടി, പി. ടി. എ പ്രസിഡന്റ് നവനീത് കൃഷ്ണന്‍, അക്ഷരയാത്രാ കോര്‍ഡിനേറ്റര്‍ നവനീത് കൃഷ്ണന്‍ എസ് എന്നിവര്‍ സംസാരിച്ചു.

മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിന്റെയും ഭരണഭാഷ മാതൃഭാഷയാക്കിയതിന്റെയും പശ്ചാത്തലത്തില്‍ കുട്ടികളില്‍ വായനാശീലവും മാതൃഭാഷാസ്നേഹവും വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അക്ഷരയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 183 ബാലസാഹിത്യ പുസ്തകങ്ങള്‍ പകുതി വിലയ്ക്ക് ഈ പദ്ധതിയിലൂടെ കുട്ടികള്‍ക്ക് ലഭ്യമാവും. ഇന്ന് രാവിലെ 9 മുതല്‍ വൈകിട്ട് 4വരെ സ്കൂളങ്കണത്തില്‍ നടക്കുന്ന പുസ്തകമേളയില്‍നിന്നും പുസ്തകങ്ങള്‍ വാങ്ങാവുന്നതാണ്. സമീപസ്കൂളുകളിലെ കുട്ടികള്‍ക്കും പുസ്തകങ്ങള്‍ വാങ്ങാന്‍ അവസരമുണ്ട്. ജില്ലയിലെ മൂന്നാമത്തെ അക്ഷരയാത്ര പെരുമ്പാവൂര്‍ തണ്ടേക്കാട് ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജനുവരി 11, 12 തീയതികളില്‍ നടക്കും. ഫെബ്രുവരി 6വരെ ഒരു മാസക്കാലം ജില്ലയിലെ പത്തു സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് അക്ഷരയാത്ര നടക്കുന്നത്.