മോശം കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര താത്കാലികമായി നിര്‍ത്തിവച്ചു.

ശ്രീനഗര്‍: മോശം കാലാവസ്ഥയെ തുടര്‍ന്ന് ബാല്‍ത്തല്‍-പഹല്‍ഗാം വഴിയിലൂടെ നടത്തുന്ന അമര്‍നാഥ് യാത്ര താത്കാലികമായി നിര്‍ത്തിവച്ചു. കനത്ത മഴയാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്നത്. ഇതേ തുടര്‍ന്നാണ് യാത്ര നിര്‍ത്തി വച്ചത്. നിലവില്‍ ബാല്‍ത്തലിലെയും നുന്‍വാനിലെയും ബേസ് ക്യാമ്പിലാണ് തീര്‍ത്ഥാടകര്‍ താമസിക്കുന്നത്. കാലാവസ്ഥ അനുകൂലമായതിനു ശേഷം മാത്രമെ യാത്ര തുടരുകയുള്ളു എന്ന് അധികൃതര്‍ അറിയിച്ചു.

അതേ സമയം തീര്‍ത്ഥാടകരുടെ രണ്ടാമത്തെ ബാച്ചും ജമ്മുവില്‍ നിന്നും ഇന്ന് യാത്ര തിരിച്ചിട്ടുണ്ട്. കശ്മീര്‍ താഴ്‌വരയിലുള്ള ബേസ് ക്യാമ്പിലേക്കാണ് ഇവര്‍ എത്തുന്നത്. 3425പേരാണ് രണ്ടാം ബാച്ചിലുള്ളത്. വിവിധ ബേസ് ക്യാമ്പുകളില്‍ തങ്ങിയാണ് യാത്ര പുരോഗമിക്കുന്നത്.

ജമ്മുവിലെ ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നും തീര്‍ത്ഥാടകരുടെ ആദ്യ സംഘം ഇന്നലെ രാവിലെയാണ് യാത്ര തിരിച്ചത്. തീവ്രവാദികളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 60 ദിവസമാണ് ഇത്തവണ അമര്‍നാഥ് തീര്‍ത്ഥാടനം ഉള്ളത്. ഓഗസ്ത് 26ന് യാത്ര സമാപിക്കും. ഈ വര്‍ഷത്തെ അമര്‍നാഥ് യാത്രക്കു വേണ്ടി ഇന്നലെ വരെ രണ്ടു ലക്ഷത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 2.60ലക്ഷം തീര്‍ത്ഥാടകരാണ് അമര്‍നാഥ് യാത്ര നടത്തിയത്.

40000ത്തോളം സുരക്ഷ ഉദ്യോഗസ്ഥരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സേനയും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമായി നിലകൊള്ളുന്നുണ്ട്. യാത്ര വഴികളിലെല്ലാം തന്നെ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.