[slick_weather]
23
March 2017

ശബരിമല അപ്പം കരുതൽ ശേഖരത്തിനായി നിർമ്മാണം സജീവം

സന്നിധാനം:ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പുനരാരംഭിച്ച ശബരിമലയിലെ അപ്പം നിര്‍മ്മാണം സജീവമായി .ഭക്ഷ്യ സുരക്ഷാ വിഭാഗം അപ്പം നിർമ്മാണത്തിനുള്ള അരിയുടെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചതോടെയാണ് നിർമ്മാണം സജീവമായത്. ഇതോടെ അയ്യപ്പൻറെ പ്രധാന വഴിപാടുകളായ അപ്പവും അരവണയും നിർമ്മാണത്താൽ 24 മണിക്കൂറും വീണ്ടും സുഗന്ധ പൂരിതമായിരിക്കുകയാണ് തിടപ്പള്ളി. ദിവസം 80,000 ൽപ്പരം അപ്പമാണ് ഇവിടെ നിർമ്മിക്കുന്നത്. ബുധനാഴ്ച മാത്രം 88412 രൂപയുടെ അപ്പം വിറ്റു . മകരവിളക്ക് തീർഥാടകരുടെ ഒഴുക്ക് വർദ്ധിച്ചതോടെ അപ്പം വിൽപ്പനയും വർധിച്ചതായി എക്സിക്യൂട്ടീവ് ഓഫീസർ ആർ .രവിശങ്കർ അറിയിച്ചു .മകരവിളക്ക് പ്രമാണിച്ചു കരുതൽ ശേഖരമുണ്ടാക്കാൻ ഇടവേളകളില്ലാത്ത അപ്പ നിർമ്മാണമാണ് നടക്കുന്നത് .

വിവിധ ചേരുവകൾ കൂട്ടുകളാക്കിയാണ് അപ്പം നിർമ്മിക്കുന്നത് . 70 കിലോ അരിപ്പൊടി, 30 കിലോ ശര്‍ക്കര, ഒരു കിലോ ചുക്ക്, 500 ഗ്രാം ജീരകം, 10 വീതം കദളിപ്പഴം, പൂവന്‍പഴം, 11 ലിറ്റര്‍ നെയ്യ് എന്നിവ ചേർന്നതാണ് ഒരു കൂട്ട് . ഇതില്‍ നിന്നും 846 പായ്ക്കറ്റ് അപ്പം ഉണ്ടാക്കാം.ഭക്തരിൽ നിന്നും ശേഖരിക്കുന്ന ഇരുമുടിക്കെട്ടിലെ അരി പലവട്ടം കഴുകി വൃത്തിയാക്കി വറുത്തുണക്കി 300 ഡിഗ്രി ചൂടിൽ നെയ് തിളപ്പിച്ച് ശാസ്ത്രീയമായാണ് ഇതിന്റെ നിർമ്മാണം .വർഷങ്ങളായി തുടർന്ന് വരുന്ന ഈ രീതിക്കെതിരെയുള്ള ആക്ഷേപമാണ് നേരത്തെ അപ്പം നിർമ്മാണം നിറുത്തിവയ്ക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത് .

ഒരു കാരയില്‍ 42 അപ്പം വീതം തയ്യാറാ ക്കി ആറു മണിക്കൂര്‍ തണുപ്പിച്ചശേഷമാണ് ഇത് പായ്ക്കറ്റിലാക്കുക .ആറു മുതല്‍ 10 ദിവസംവരെ അപ്പം കേടുകൂടാതെ ഇരിക്കും. എന്നാല്‍, തിരക്ക് കൂടുമ്പോള്‍ തണുപ്പിക്കാതെ തന്നെ പായ്ക്ക് ചെയ്യും.മാളികപ്പുറത്തിനു സമീപമുള്ള വിതരണകേന്ദ്രത്തിലേക്കുള്ള അപ്പം അവിടെത്തന്നെ ഗ്യാസിലാണ് ഉണ്ടാക്കുന്നത്. പ്രധാന അപ്പംനിര്‍മാണ യൂണിറ്റില്‍ ഗ്യാസിലും വൈദ്യുതിയിലും ആവിയിലും അപ്പം ഉണ്ടാക്കുന്നുണ്ട്.