[slick_weather]
14
February 2019

അനിൽ അംബാനിക്കെതിരായ ഉത്തരവിൽ തിരിമറി;സുപ്രീംകോടതി ജീവനക്കാരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: അനിൽ അംബാനിക്കെതിരായ സുപ്രീംകോടതി ഉത്തരവിൽ തിരിമറി നടത്തിയ രണ്ടു ജീവനക്കാരെ അർദ്ധരാത്രിയിൽ പിരിച്ചുവിട്ടു. കോർട്ട് മാസ്റ്റർമാരായ മാനവ് ശർമ, തപൻ കുമാർ ചക്രബർത്തി എന്നിവരെയാണ് ചീഫ് ജസ്റ്റിസ് പിരിച്ചുവിട്ടത്.

അനിൽ അംബാനിയുടെ റിലെയ്ൻസ് കമ്മ്യൂണിക്കേഷൻസിന് എതിരെ എറിക്സൺ ഇന്ത്യ നൽകിയ കോടതിയലക്ഷ്യ ഹർജിയിലെ ഉത്തരവിൽ മാറ്റം വരുത്തിയെന്ന ആരോപണത്തെ തുടർന്നാണ് നടപടി. ജനുവരി ഏഴിന് അനിൽ അംബാനിയോട് നേരിട്ടു കോടതിയിൽ ഹാജരാകാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ ഈ വിധി സുപ്രീംകോടതി വെബ്സൈറ്റിൽ ഉൾപ്പെടുത്തിയപ്പോൾ അനിൽ അംബാനിയോടു നേരിട്ടു ഹാജരാകാൻ നിർദേശിക്കുന്ന ഭാഗം ജീവനക്കാർ ഒഴിവാക്കി.

ഇത് എറിക്സന്‍റെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും മൂന്നു ദിവസത്തിനു ശേഷം തിരുത്തിയ വിധി കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. വിഷയത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ജീവനക്കാർ അനിൽ അംബാനിയോടു നേരിട്ടു ഹാജരാകാൻ നിർദേശിച്ച ഭാഗം മനപൂർവം വിട്ടുകളഞ്ഞതാണെന്നു സുപ്രീംകോടതിക്കു മനസിലായി. ഇതേ തുടർന്നായിരുന്നു നടപടി.