[slick_weather]
25
April 2018

കൊച്ചി നഗരത്തില്‍ ശ്വാസകോശ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവെന്ന് വിദഗ്ദ്ധർ

കൊച്ചി: നഗരത്തില്‍ ശ്വാസകോശ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കഴിഞ്ഞ മൂന്നുമാസക്കാലം കൊണ്ട് എറണാകുളം നഗരത്തിലെ അഞ്ച് ആശുപത്രികളില്‍ ശ്വാസകോശ വിദഗ്ദ്ധരെ സന്ദര്‍ശിച്ചത് അറുപതിനായിരം രോഗികള്‍ .മെട്രോ നിര്‍മ്മാണത്തിലടക്കം യാതൊരു മുന്‍കരുതലും ഇല്ലാതെ പുറംതള്ളുന്ന പൊടിയും നിരത്തുകളില്‍ കൂട്ടിയിട്ടു കത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യവുമെല്ലാം വില്ലനാവുന്നുവെന്നു കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലെ പള്‍മണോളജിസ്റ്റ് ജേക്കബ് ബേബി പറഞ്ഞു. ഇത്തരത്തിലൊരു പഠനം അടുത്തവര്‍ഷവും നടത്തി താരതമ്യ പഠനം നടത്തേണ്ടതുണ്ട്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ സന്ദര്‍ശിച്ചവരുടെ കണക്കു മാത്രമാണ് ഇപ്പോള്‍ ഉള്ളത്. മറ്റു ചെറിയ ആശുപത്രികളിലെ കണക്കും കൂടി എടുത്താല്‍ സംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത.

കേരളത്തില്‍ 15-39 വയസ്സുവരെയുള്ള വരുടെ മരണകാരണത്തില്‍ രണ്ടാം സ്ഥാനവും 40- 69 പ്രായത്തിലുള്ളവരുടെ മരണത്തിനുള്ള നാലാം സ്ഥാനവുമാണ്. കാരണം ഗുരുതരമായ ശ്വാസകോശരോഗങ്ങളാണെന്നു ഡോക്ടര്‍ പറഞ്ഞു .1990 ല്‍ മരണത്തിനും അവശതകള്‍ക്കുമുള്ള കാര്യങ്ങളില്‍ ആറാം സ്ഥാനത്തായിരുന്ന പുകവലി കൊണ്ടുണ്ടാകുന്ന സിഒപിഡി എന്ന ശ്വാസംമുട്ട് 2016 ല്‍ മൂന്നാം സ്ഥാനത്തേയ്ക്ക് എത്തിയിട്ടുണ്ട്. പുകവലിക്കാരുടെ ഒരു തലമുറയുടെ വാര്‍ധക്യ കാലം ആയിരിക്കാം ഈ വര്‍ദ്ധനവിന് പിന്നിലെന്നും ഡോക്ടര്‍ പറഞ്ഞു. ആസ്തമ ,സിഒപിഡി എന്നിവ തിരിച്ചറിയുകയും കൃത്യമായി മരുന്ന് കഴിക്കുകയും ചെയ്താല്‍ ആസ്തമ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയും. സ്‌പോര്‍ട്‌സിലടക്കം നല്ല പ്രകടനം കാഴ്ചവെയ്ക്കുന്നതിനു ആസ്തമ തടസ്സമാവില്ലെന്ന് ഡോക്ടര്‍ ജേക്കബ് ബേബി പറഞ്ഞു.

ഇന്‍ഹേലറുകള്‍ വന്നതോടെ ആസ്തമ ചികിത്സയില്‍ വിപ്ലവകരമായ മാറ്റം വന്നു. എന്നാല്‍, ഫലപ്രദമായും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നതുമായ ഇന്‍ഹേലറുകള്‍ രൂപപ്പെടുത്തുകയെന്നതായിരുന്നു ഈ രംഗത്തെ വെല്ലുവിളിയെന്ന് സില്‍വര്‍ലൈന്‍ ആശുപത്രിയിലെ ഡോക്ടര്‍ രമേഷ് നായര്‍ ചൂ ണ്ടികാട്ടുന്നു. ആവശ്യമായ രീതിയില്‍ മരുന്ന് ഉപയോഗിക്കാതിരിക്കുന്നതും ഇന്‍ഹേലറുകള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാതിരിക്കുന്നതുമാണ് രോഗത്തെ ഗുരുതരമായ രീതിയില്‍ ബാധിക്കും.

ശ്വാസകോശ രോഗങ്ങള്‍ മികച്ച രീതിയില്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന പുതിയ ഇന്‍ഹേലര്‍ ഉപകരണം സിങ്കോബ്രീത് കൊച്ചിയില്‍ വിപണിയില്‍ ഇറക്കി. കുറഞ്ഞ ആയാസത്തില്‍ കൃത്യമായി ശ്വാസകോശത്തില്‍ മരുന്ന് എത്തുകയും മരുന്നിന്‍റെ അളവ് കൃത്യമായി അറിയാന്‍ കഴിയുമെന്നതുമാണ് പുതിയ ഉപകരണത്തിന്‍റെ മേന്മയെന്നു സിപ്ല ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ :ജയദീപ് ഗോഗ്‌തേ പറഞ്ഞു. പൂര്‍ണമായും ഇന്ത്യന്‍ ലാബറട്ടറിയില്‍ നിര്‍മിച്ചതാണ് പുതിയ ഉപകരണം. ഇന്‍ഹേലറുകള്‍ കൃത്യമായി ഉപയോഗിക്കാന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും മുന്‍കൈ എടുത്താല്‍ മാത്രമേ പൂര്‍ണമായ ഗുണഫലം ലഭിക്കുകയുള്ളുവെന്ന് ഡോ :രമേഷ് നായര്‍ പറഞ്ഞു.