[slick_weather]
14
January 2019

കൊലവിളി പ്രസംഗത്തിന്‍റെ പേരില്‍ നടന്‍ കൊല്ലം തുളസിയെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: കൊലവിളി പ്രസംഗത്തിന്‍റെ പേരില്‍ നടന്‍ കൊല്ലം തുളസിയെ പൊലീസ് അറസ്റ്റ് ചെയ്തു.. ശബരിമലയിലേക്ക് എത്തുന്ന യുവതികളെ കാലില്‍ പിടിച്ച് രണ്ടായി വലിച്ചുകീറണമെന്ന പ്രസംഗത്തിന്റെ പേരിലാണ് അറസ്റ്റ് . കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചുവെങ്കിലും ഹൈക്കോടതി തള്ളുകയായിരുന്നു.

യുവതികളെ രണ്ടായി കീറിമുറിച്ച് മുഖ്യമന്ത്രിക്കും സുപ്രീംകോടതിക്കും അയച്ചുകൊടുക്കണമെന്ന കൊല്ലം തുളസിയുടെ പ്രസ്താവന അതീവ ഗൗരവമേറിയതും, പ്രകോപനപരവും മനഃപൂര്‍വ്വം സ്ത്രീകളെ അപമാനിച്ച് കലാപം നടത്താന്‍ ഉദ്ദേശിച്ചതുമാണെന്നു ഹൈക്കോടതി വ്യക്തമാക്കി.

അയ്യപ്പന്റെ പേരില്‍ നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വം നടത്തിയ അങ്ങേയറ്റം പ്രകോപനപരമായ പ്രസംഗം ആണ് കൊല്ലം തുളസിയുടേത്. സുപ്രീംകോടതി ജഡ്ജിമാരെയും നിന്ദ്യമായ ഭാഷയില്‍ ആക്ഷേപിക്കുകയുണ്ടായി.

കൊല്ലം തുളസി നടത്തിയ പ്രസംഗവും, അതിനെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ക്രമസമാധാന തകര്‍ച്ചയും കണക്കിലെടുത്തു അദ്ദേഹത്തിന് യാതൊരുവിധ പരിരക്ഷയും, ആശ്വാസവും നല്‍കാന്‍ കോടതിക്ക് കഴിയില്ലെന്നുമാണ് മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്.