[slick_weather]
31
August 2018

ആക്ടിവിസ്റ്റുകളുടെ കൂട്ട അറസ്റ്റില്‍ കടുത്ത വിമര്‍ശനവുമായി ചരിത്രകാരനും ഗാന്ധിജിയുടെ ജീവചരിത്രാകാരനായ രാമചന്ദ്ര ഗുഹ

ന്യുഡൽഹി: ആക്ടിവിസ്റ്റുകളുടെ കൂട്ട അറസ്റ്റില്‍ കടുത്ത വിമര്‍ശനവുമായി ചരിത്രകാരനും ഗാന്ധിജിയുടെ ജീവചരിത്രാകാരനുമായ രാമചന്ദ്ര ഗുഹ. ഗാന്ധിജി ഇന്നുണ്ടായിരുന്നെങ്കില്‍ മോദി സര്‍ക്കാര്‍ അദ്ദേഹത്തെയും അറസ്റ്റ് ചെയ്‌തേനെ എന്ന് രാമചന്ദ്ര ഗുഹ തുറന്നടിച്ചു.

അടിച്ചമര്‍ത്തുന്നതും ക്രൂരവും ഏകാധിപത്യപരവും, നിയമവിരുദ്ധവും ഏകപക്ഷീയവും’ മഹാരാഷ്ട്ര പൊലിസിന്റെ നടപടിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആദിവാസി ഭൂമിയും വനഭൂമിയും ധാതു വിഭവങ്ങളും കൊളളയടിക്കുന്ന ചങ്ങാത്തമുതലാളിത്തിന്റെ സര്‍ക്കാരാണിതിന് പിന്നിലെന്നും എന്‍.ഡി.ടി.വിയോട് പ്രതികരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.

അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പലരെയും തനിക്ക് വ്യക്തിപരമായി അറിയാമെന്നും അവരാരും ഒരിക്കലും അക്രമത്തെ അനുകൂലിച്ച് പ്രവര്‍ത്തിക്കുകയോ പ്രസംഗിക്കുകയോ ചെയ്യുന്നവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഇവര്‍ രാജ്യത്തെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്കും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കും വേണ്ടി നിലകൊണ്ടവരാണ്. ഇന്ത്യയുടെ ഹൃദയഭൂമികയില്‍ കൊലപാതകവും ബലാല്‍സംഗവുമൊക്കെ നടക്കുന്ന ഇടങ്ങളില്‍ ഇരകളാകുന്ന ആദിവാസി സമൂഹത്തിന്റെ അഭിഭാഷകരാണിവര്‍, എന്നും അദ്ദേഹം പറഞ്ഞു.

ആക്ടിവിസ്റ്റുകള്‍ക്കെതിരായ വേട്ടയാടല്‍ ആരംഭിച്ചത് കോണ്‍ഗ്രസാണെന്നും മോദി സര്‍ക്കാര്‍ ആ നയത്തെ മുന്നോട്ട് കൊണ്ടുപോകുകയാണെന്നും രാമചന്ദ്രഗുഹ കൂട്ടിച്ചേര്‍ത്തു.പൊലിസ് നടപടിക്കെതിരെ അരുന്ധതി റോയി, ഇന്ദിരാജെയ്‌സിങ്ങ്, രാഹുല്‍ പണ്ഡിത തുടങ്ങി നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

‘നിയമവാഴ്ചയെ സംരക്ഷിക്കാന്‍ ആരുമില്ലാത്ത ഒരു ദിവസം വരും, ഒരു ദിവസം നിയമവാഴ്ച തന്നെ സംരക്ഷിക്കപ്പെടാനില്ലാതെ വരും ‘എന്നായിരുന്നു ഇതേ കുറിച്ച് പ്രമുഖ അഭിഭാഷകയായ ഇന്ദിരാ ജെയ്‌സിങ്ങിന്റെ ട്വീറ്റ്. ഇത് 1975 ലെ അടിയന്താരവാസ്ഥയോട് ചേര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണെന്ന് ബുക്കര്‍ പ്രൈസ് ജേതാവായ അരുന്ധതി റോയി അഭിപ്രായപ്പെട്ടു. സുധ ഭരദ്വാജിനെതിരായ നടപടി ഭ്രാന്തന്‍ നടപടിയാണെന്നാണ് രാഹുല്‍ പണ്ഡിത ട്വീറ്റ് ചെയ്തത്. സുധഭരദ്വാജിനെ തനിക്ക് അറിയാമെന്നും അവര്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമില്ലെന്നും മാവോയിസ്റ്റുകളെ കുറിച്ചു കശ്മീരിനെ കുറിച്ചും പുസ്തകങ്ങളെഴുതിയിട്ടുളള മാധ്യമപ്രവര്‍ത്തകനായ രാഹുല്‍ പണ്ഡിത ട്വീറ്റ് ചെയ്തു.

അഞ്ച് നഗരങ്ങളിലായി ഒമ്പത് ആക്ടിവിസ്റ്റുകളുടെ വസതികളിലാണ് കഴിഞ്ഞ ദിവസം പുണൈ പൊലിസ് റെയ്ഡ് നടത്തിയത്. വരവരറാവു, അഭിഭാഷകയായ സുധാ ഭരദ്വാജ്, അരുണ്‍ ഫെറേറിയ, ഗൗതം നവ്‌ലാഖ, വെര്‍ണന്‍ ഗോണ്‍സാല്‍വസ് എന്നിങ്ങനെ അറിയപ്പെടുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന ഭീമാ കൊറേഗാവ് സംഭവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പൊലിസ് ഭാഷ്യം. സവര്‍ണ മറാത്ത സംഘടനകളുമായി ദലിത് ആക്ടിവിസ്റ്റുകള്‍ നടത്തിയ ചെറുത്ത് നില്‍പ്പ് സംഘര്‍ഷമാണ് ഭീമാ കൊറേഗാവ് അക്രമം എന്ന് രേഖപ്പെടുത്തപ്പെട്ടത്.