മണിപ്പൂരില്‍ നടന്നത് ഭരണഘടന സംവിധാനങ്ങളുടെ വീഴ്ച: ചീഫ് ജസ്റ്റിസ്. സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ കടുത്ത ഭാഷയില്‍ കേന്ദ്രസര്‍ക്കാരിനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി. സര്‍ക്കാരിന് നടപടിയെടുത്തില്ലെങ്കില്‍ സുപ്രീം കോടതിയത് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു. യുവതികളെ നഗ്നരാക്കി നടത്തുന്ന് സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലെ ദൃശ്യങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഗുരുതരമായ ഭരണഘടന വീഴ്ചയാണ് നടന്നതെന്നും വിഷയവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് ചീഫ് ജസ്റ്റിസ് പറഞ്ഞു.

വര്‍ഗീയ കലാപം നടക്കുന്ന സ്ഥലത്ത് സ്ത്രീയെ ഇരയാക്കി ലൈംഗീക അതിക്രമം നടത്തുന്നത് അനുവദിക്കാനാകില്ല. കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടി സര്‍ക്കാര്‍ എടുത്തുവെന്ന് ഒരാഴ്ചയ്ക്കകം കോടതിയെ അറിയണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്വമേധയ എടുത്ത കേസ് ജൂണ്‍ 28 ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. കേസ് പരിഗണിക്കും മുമ്പ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടി അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിട്ടുണ്ട്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണോ അതോ ഇതുപോലെ മറ്റ് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ആര്‍ക്ക് അറിയാമെന്നും കോടതി ചോദിച്ചു. ഇത് മണിപ്പൂര്‍ സംഭവങ്ങളുമായി ബന്ധപ്പെട്ട് കോടതിക്ക് മുമ്പാകെ വന്ന ഹര്‍ജികളിലെല്ലാം സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടു വരുന്നുവെന്ന ബിജെപി സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള നിലപാടുകളെ ചോദ്യം ചെയ്തുകൂടിയാണ്.

മണിപ്പൂരിലെ സംഭവങ്ങൾ വേദനിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുറത്തുവരുന്ന ദൃശ്യങ്ങൾ അത്യന്തം വേദനാജനകമാണ്. കുറ്റവാളികളെ ഒരാളെ പോലും വെറുതെ വിടില്ല. വിഷയം രാഷ്ട്രീയവത്ക്കരിക്കരുതെന്ന് എല്ലാ പാർട്ടികളോടും അഭ്യർത്ഥിക്കുന്നു. ഹൃദയത്തിൽ വേദനയും ദേഷ്യവും ഉണ്ടാകുന്നു. നിയമം സർവശക്തിയിൽ പ്രയോഗിക്കും. മണിപ്പൂരിലെ പെൺമക്കൾക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കാനാവില്ല. പരിഷ്കൃത സമൂഹത്തെ നാണം കെടുത്തുന്ന സംഭവമാണ് മണിപ്പൂരിലുണ്ടായത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി കർശന നടപടികൾ സ്വീകരിക്കണമെന്ന് എല്ലാ മുഖ്യമന്ത്രിമാരോടും അഭ്യർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏത് സംസ്ഥാനത്ത് നടന്നാലും ശക്തമായി അപലപിക്കപ്പെടേണ്ടതാണ്. രാഷ്ട്രീയത്തിലുപരിയായി എല്ലാവരുടെയും ഇടപെടൽ പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു.

രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ മണിപ്പൂരിൽ ഒരാളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്. മെയ് നാലിന് നടന്ന സംഭവത്തില്‍ ഇതുവരെയും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. വിഷയം പാർലമെന്റിലും പുറത്തും ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെയാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തെന്ന് മണിപ്പൂർ പൊലീസ് പറയുന്നത്.

സംഭവത്തിൽ പ്രതികരിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിങും രംഗത്ത് വന്നു. സ്ത്രീകളെ നഗ്നരാക്കി നടത്തിയത് അപമാനകരവും മനുഷ്യത്വ രഹിതവുമെന്ന് ബീരേൻ സിങ് വിമർശിച്ചു. സംഭവത്തില്‍ ആദ്യ അറസ്റ്റ് ഇന്ന് രാവിലെ നടന്നുവെന്ന് പറഞ്ഞ അദ്ദേഹം സംഭവത്തിൽ സമഗ്ര അന്വേഷണം നടക്കുമെന്നും വ്യക്തമാക്കി. കർശന നടപടി ഉറപ്പാക്കും. കുറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്നും വ്യക്തമാക്കി.

സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ മാസങ്ങൾക്ക് ശേഷമാണ് പുറത്തുവന്നത്. ദൃശ്യങ്ങളിൽ നടുക്കം രേഖപ്പെടുത്തി നിരവധി പേർ രംഗത്ത് വരികയും ചെയ്തു. സംഭവത്തിൽ നേരത്തെ തന്നെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിരുന്നെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. നഗ്നരാക്കി നടത്തിക്കൊണ്ട് വന്ന സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. മെയ്‍തെയ് വിഭാഗക്കാരാണ് കുറ്റക്കാരെന്ന് ആരോപിച്ച് രംഗത്ത് വന്ന ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം അക്രമികള്‍ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തുവെന്നും ആരോപിച്ചിരുന്നു.

ഇതിനിടയിൽ മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി അതിക്രമം നടത്തുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ നീക്കാൻ സമൂഹ മാധ്യമ കമ്പനികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. അന്വേഷണം നടക്കുന്ന വിഷയമായതിനാലാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും രാജ്യത്തെ നിയമം പാലിക്കാൻ കമ്പനികൾ ബാധ്യസ്ഥരാണെന്നും സർക്കാർ അറിയിച്ചു

മണിപ്പൂർ കലാപത്തിൽ ചർച്ച ആവശ്യപ്പെട്ട് ഇടത് എംപിമാരായ ബിനോയ് വിശ്വം, എ എ റഹീം എന്നിവർ രാജ്യസഭയിൽ നോട്ടീസ് നൽകി. വിഷയത്തിൽ ടിഎൻ പ്രതാപൻ എംപിയും എൻകെ പ്രേമചന്ദ്രനും ലോക്സഭയിലും നോട്ടീസ് നൽകി. ഇവർക്ക് പുറമെ കോൺഗ്രസ് എംപി മനീഷ് തിവാരി എന്നിവർ ലോക്സഭയിലും നോട്ടീസ് നൽകി. രാജ്യസഭയിൽ ഇതേ വിഷയത്തിൽ കോൺഗ്രസ് എംപി മാണിക്യം ടാഗോറും, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് എന്നിവരും നോട്ടീസ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *