ഡല്‍ഹി: അർബൻ കോഓപ്പറേറ്റീവ് ബാങ്കുകളുടെ ശാക്തീകരണത്തിനായി പുതിയ നാല് നയ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്ര സഹകരണ മന്ത്രാലയം.
പുതിയ നയ തീരുമാനങ്ങള്‍ അനുസരിച്ച് അർബൻ കോഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ബ്രാഞ്ചുകള്‍ ആരംഭിക്കാം. ഇതിലൂടെ സഹകരണ ബാങ്കുകളെ വളര്‍ച്ചയെ ശക്തിപ്പെടുത്താനാകും.
കൂടാതെ അർബൻ കോഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് മറ്റ് കൊമേഷ്യല്‍ ബാങ്കുകളെ പോലെ വായ്പയെടുക്കുന്നവരുമായി ഒറ്റത്തവണ സെറ്റിൽമെന്റുകളിൽ ഏർപ്പെടാം.
ഇതോടൊപ്പം മുൻഗണനാ മേഖലയിലെ വായ്പാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സമയപരിധി 2026 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്, അര്‍ബന്‍ ബാങ്കുകളുടെ പ്രവർത്തനം നഗരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നില്‍ക്കുന്നതിനാലാണ് ഈ മാറ്റം.
ആർബിഐയും അർബൻ കോഓപ്പറേറ്റീവ് ബാങ്കുകളും തമ്മിലുള്ള ഏകോപനവും കേന്ദ്രീകൃതമായ ഇടപെടലും ഉറപ്പാക്കുന്നതിനുള്ള നടപടിയെന്ന നിലയിൽ, ഒരു നോഡൽ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനും മറ്റ് സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് തുല്യമായി പരിഗണന നല്‍കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ പുതിയ നയതീരുമാനങ്ങൾ അറിയിച്ചു കൊണ്ട് പറഞ്ഞു .