[slick_weather]
01
September 2018

മഹാകവിയായ വള്ളത്തോൾ ഓർമ്മയായിട്ട് അറുപത് വർഷങ്ങൾ;ഇന്ന് ചരമദിനം

മലയാളത്തിന്റെ മഹാകവിയായ വള്ളത്തോൾ നാരായണ മേനോൻ ഓർമ്മയായിട്ട് അറുപത് വർഷങ്ങൾ . ഇന്ന്മഹാകവിയുടെ ചരമദിനം.

1958 മാര്‍ച്ച് 13 നായിരുന്നു അദ്ദേഹം വിടവാങ്ങിയത് . . 1878 ഒക്‌ടോബര്‍ 16ന് മലപ്പുറം ജില്ലയിലെ തിരൂരില്‍ മംഗലം എന്ന ഗ്രാമത്തിലാണ് മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍ ജനിച്ചത്. കടുങ്ങോട്ട് മല്ലിശ്ശേരി ദാമോദരന്‍ ഇളയതിന്റെയും കോഴിപ്പറമ്പില്‍ കുട്ടിപ്പാറു അമ്മയുടെയും മകനായി ജനിച്ച വള്ളത്തോളിന് കുട്ടിക്കാലത്തു വലിയ വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ സംസ്‌കൃതത്തില്‍ അദ്ദേഹം നല്ലതുപോലെ പ്രാവീണ്യം നേടി. തുടര്‍ന്ന് അദ്ദേഹം അഷ്ഠാംഗഹൃദയം പഠിക്കുകയുണ്ടായി. ജീവിച്ചിരുന്ന കാലഘട്ടത്തില്‍ മലയാള ഭാഷയ്ക്ക് തന്നാലാവുന്നതെന്തും നല്‍കി പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ അന്തര്‍ധാനം ചെയ്തത്.

ഋതുവിലാസമാണ് അദ്ദേഹത്തിന്റെ ആദ്യ കൃതി. 1907 ല്‍ വാല്മീകി രാമായണ പരിഭാഷ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് അസുഖം പിടിപെടുകയും ബധിരനാവുകയും ചെയ്തു. രോഗം പിടിപ്പെട്ട് ബധിരനായി തീര്‍ന്ന ശേഷം അദ്ദേഹം രചിച്ച ‘ബധിരവിലാപം’ എന്ന ഖണ്ഡകാവ്യം വളരെ പ്രസിദ്ധമാണ്. ഇതിനുശേഷം അദ്ദേഹം രചിച്ച ഖണ്ഡകാവ്യങ്ങളാണ് ബന്ധനസ്ഥനായ അനിരുദ്ധന്‍, ഗണപതി, മഗ്ദലനമറിയം, ശിഷ്യനും മകനും, കൊച്ചുസീത, അച്ഛനും മകനും തുടങ്ങിയവ. ബധിരവിലാപം എന്ന ഖണ്ഡകാവ്യം രചിച്ച് ഏതാണ്ട് നാലഞ്ച് വര്‍ഷം കഴിഞ്ഞാണ് അദ്ദേഹം തന്നെ മഹാകവിയായി അറിയപ്പെടാന്‍ ഇടയാക്കിയ ‘ചിത്രയോഗം’ എന്ന മഹാകാവ്യം പൂര്‍ത്തീകരിച്ചത്. ഇതിന്റെ പ്രസിദ്ധീകരണത്തോടെ വള്ളത്തോള്‍ മഹാകവിയായി അറിയപ്പെടാന്‍ തുടങ്ങി. മന്ദാരവതീ സുന്ദരസേനാ കഥയാണ് (കഥാസരിത് സാഗരം) ‘ചിത്രയോഗ’ത്തിനു പ്രതിപാദ്യമായത്.

പ്രകൃതി സ്‌നേഹിയായിരുന്ന മഹാകവി തന്റെ ലളിതമായ വരികളിലൂടെ മലയാളനാടിന്റെ സൗന്ദര്യത്തെയും സൗഭാഗ്യത്തെയും സംസ്‌കാരത്തെയും പറ്റി എങ്ങനെയാണ് പാടിയിരിക്കുന്നതെന്ന് നോക്കാം.
”പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവച്ചും
സ്വച്ഛാബ്ധി മണല്‍ത്തിട്ടാം പാദോപദാനം പൂണ്ടും
പള്ളികൊണ്ടീടുന്നതില്‍ പാര്‍ശ്വയുഗ്മത്തെ കാത്തു
കൊള്ളുന്നു കുമാരിയും ഗോകര്‍ണ്ണേശനുമമ്മേ.”
അദ്ദേഹത്തിന്റെ ദേശസ്‌നേഹവും സാമൂഹിക പ്രതിബദ്ധതയും പ്രസിദ്ധമായിരുന്നു. അതിന് മകുടോദാഹരണമാണ് അദ്ദേഹത്തിന്റെ സാഹിത്യമഞ്ജരി എന്ന കവിതാ ഭാഗങ്ങള്‍.

”ഭാരതമെന്ന പേര്‍ കേട്ടാലഭിമാന
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോരനമുക്കു ഞരമ്പുകളില്‍”

അതിശക്തമായ ദേശസ്‌നേഹവും ഉല്‍ക്കടമായ മലയാളഭാഷാ സ്‌നേഹവും നമുക്കീവരികളിലൂടെ വായിക്കാം. അന്നും ഇന്നും മലയാളികള്‍ ഈ വരികള്‍ ഏറ്റുചൊല്ലിക്കൊണ്ടിരിക്കുന്നു.
സര്‍ഗാത്മകതകൊണ്ടും ശബ്ദസൗന്ദര്യം കൊണ്ടും ആധുനികമലയാള കവിത്രയങ്ങളില്‍ അനുഗൃഹീതനായിരുന്നു മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍. വേണമെങ്കില്‍ അദ്ദേഹത്തെ നമ്മുടെ ഭാഷയുടെ ദേശീയ കവിയെന്നു വിളിക്കാം. ബ്രിട്ടീഷുകാര്‍ക്കെതിരെ ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരം ആഞ്ഞടിച്ചപ്പോള്‍ അതിന്റെ അന്തസത്ത പൂര്‍ണമായി ഉള്‍ക്കൊണ്ട വള്ളത്തോള്‍ തന്റെ കവിതകളിലൂടെ ഭാരതജനതയെ ഒന്നടങ്കം ആവേശഭരിതരാക്കുകയുണ്ടായി. ഗാന്ധിജിയെ ഗുരുവായി സ്വീകരിച്ച അദ്ദേഹം ഗാന്ധിയുടെ ആദര്‍ശങ്ങളില്‍ അടിയുറച്ചുവിശ്വസിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ ‘എന്റെ ഗുരുനാഥന്‍’ എന്ന കൃതി വളരെ പ്രസിദ്ധമാണ്.

”ലോകമേ തറവാടു തനിക്കീച്ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍
ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍”

മലയാളി ഉള്ളിടത്തോളം കാലം ഈ വരികള്‍ അന്തരീക്ഷത്തില്‍ മുഴങ്ങിക്കേട്ടുകൊണ്ടിരിക്കും.
തമിഴ്‌നാടിന് സുബ്രഹ്മണ്യ ഭാരതിയും പശ്ചിമബംഗാളിനു രബീന്ദ്രനാഥ ടാഗോറും എപ്രകാരമായിരുന്നുവോ അതുപോലെയോ അതിലുപരിയോ ആയിരുന്നു കേരളത്തിനു വള്ളത്തോള്‍ കോഴിപ്പറമ്പില്‍ നാരായണമേനോന്‍. കഥകളിയുടെയും കലാമണ്ഡലത്തിന്റെയും സ്ഥാപകന്‍, പ്രചാരകന്‍ എന്നീ നിലകളില്‍ അദ്ദേഹം എക്കാലവും ഓര്‍മിക്കപ്പെടും. അറിയപ്പെടുന്ന വാഗ്മി, പരിഭാഷകന്‍, വിശ്വപ്രകൃതിഗായകന്‍, പണ്ഡിതന്‍, ഭിഷഗ്വരന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്, ദേശീയവാദി, താര്‍ക്കികന്‍, ഖണ്ഡകാവ്യ രചയിതാവ് തുടങ്ങി അദ്ദേഹം കൈവയ്ക്കാത്ത മേഖലകള്‍ ചുരുക്കമായിരുന്നു. മതസൗഹാര്‍ദ്ദത്തിന്റെ വക്താവും എല്ലാം തികഞ്ഞ മനുഷ്യസ്‌നേഹിയുമായിരുന്നു വള്ളത്തോള്‍. രാജ്യം അദ്ദേഹത്തെ 1954 ല്‍ പത്മഭൂഷന്‍ നല്‍കി ആദരിക്കുകയുണ്ടായി.